ഉരുൾപൊട്ടലും പ്രളയവുമായി തിരിച്ച്‌ 
നഷ്‌ടക്കണക്ക്‌ ലഭ്യമാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 02:02 AM | 0 min read

വിലങ്ങാട്
വിലങ്ങാട്ടെ നാശനഷ്ടങ്ങളിൽ ഉരുൾപൊട്ടൽ, പ്രളയം എന്നിങ്ങനെ രണ്ടായി തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.  തിങ്കളാഴ്ച  വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം കലക്ടറേറ്റിൽ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അതനുസരിച്ചായിരിക്കും സർക്കാരിന്റെ പിന്തുണ ലഭ്യമാകുക. എത്രപേർക്ക് കൃഷിനാശമുണ്ടായി, എത്ര കൃഷിയോഗ്യമായ ഭൂമി നശിച്ചു എന്ന കണക്കും തരംതിരിച്ച് നൽകണം.  വിലങ്ങാട് കെടുതി നേരിട്ടവർക്കുള്ള സർക്കാർ പിന്തുണയും സമാശ്വാസ പദ്ധതികളും വയനാടിലേതിന് സമാനമായിരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.   കൃഷി നശിച്ചവരും കൃഷിഭൂമി നശിച്ചവരും  പോർട്ടലിലൂടെ അപേക്ഷിച്ച കണക്കും ലഭ്യമാക്കണം.  കാലിവളർത്തൽ മുഖ്യതൊഴിലായി സ്വീകരിച്ചവരുടെ എണ്ണവും നഷ്ടപ്പെട്ട കന്നുകാലികളുടെ കണക്കും ആവശ്യപ്പെട്ടു.  
വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി  വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.  ചില വീടുകളുടെ ഉടമസ്ഥർ താമസക്കാരോട്‌ ഒഴിഞ്ഞുപോകാനാവശ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.  ജില്ലാ ഭരണവിഭാഗം ഇടപെടണം.  അർഹരായവർക്ക് സൗജന്യ റേഷൻ വിതരണം തുടരുന്ന കാര്യം സിവിൽ സപ്ലൈസ്‌ ഓഫീസ്‌  പരിശോധിക്കണം.
നാശം നേരിട്ട പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, മറ്റൊരു വീട് ഉണ്ടെന്ന പേരിൽ നഷ്ടം സംഭവിച്ചവരുടെ പട്ടികയിൽനിന്ന്  ഒഴിവായിട്ടുണ്ടോ എന്ന്‌ നോക്കണം. വായ്‌പകൾക്ക് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് പ്രാവർത്തികമാകുന്നുണ്ടെന്ന്‌ ഉറപ്പാക്കണം.  
പ്രധാന റോഡുകൾക്ക് പുറമെ ചെറു റോഡുകളുടെ പുനർനിർമാണവും ശ്രദ്ധിക്കണം. ജില്ലാ ആസൂത്രണ സമിതിക്ക്‌ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദുരന്ത ലഘൂകരണ പദ്ധതിയിലേക്ക്  പ്രോജക്ടുകൾ വയ്ക്കാമെന്നും കേന്ദ്ര ഫണ്ടുകൾ ലഭ്യമാകുമോയെന്ന് അന്വേഷിക്കാമെന്നും ചീഫ്‌ സെക്രട്ടറി അറിയിച്ചു. ഡ്രോൺ സർവേ റിപ്പോർട്ട്‌ കോഴിക്കോട് എൻഐടിക്ക്‌  കൈമാറിയിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ടിന് കാക്കുകയാണെന്നും കലക്ടർ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു.  
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,  കലക്ടർ സ്നേഹിൽ കുമാർ സിങ്‌, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ്‌ റഫീഖ്, അസി. കലക്ടർ ആയുഷ് ഗോയൽ,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ 
ദുരിതാശ്വാസ ഫണ്ട്‌ ഉടൻ
വിലങ്ങാട് ദുരിതബാധിതർക്ക് സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽനിന്ന്‌ അനുവദിച്ച പണം വിതരണം ചെയ്തുകഴിഞ്ഞു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന്‌ പണം അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങിയതായും രണ്ട് ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചു. 
വാണിമേൽ  പഞ്ചായത്ത് സെക്രട്ടറിയെ 
ഉടൻ നിയമിക്കും
വിലങ്ങാട് ഉൾപ്പെടുന്ന വാണിമേൽ പഞ്ചായത്തിൽ  പഞ്ചായത്ത് സെക്രട്ടറി ഇല്ല എന്നത്‌   ഗൗരവമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.  ഉടനടി വേണ്ടത് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home