മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 02:41 AM | 0 min read

മൂന്ന്‌ വാർഡുകളിലുണ്ടായ ദുരന്തമായി 
ചുരുക്കാനുള്ള കേന്ദ്രനീക്കം അപലപനീയം
പേരാമ്പ്ര
മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുപകരം മേപ്പാടി പഞ്ചായത്തിലെ മൂന്ന്‌ വാർഡുകളിലുണ്ടായ ദുരന്തമായി ചുരുക്കിക്കാട്ടാനുള്ള കേന്ദ്രനീക്കം അപലപനീയമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജില്ലാ പരിസ്ഥിതി സെമിനാർ അഭിപ്രായപ്പെട്ടു. കാലാവസ്ഥാ പ്രവചനത്തിൽ കൂടുതൽ റഡാർ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ഉരുൾപൊട്ടൽ മുൻകൂട്ടി കണ്ടെത്താൻ നിരീക്ഷണ മോണിറ്ററുകൾ സ്ഥാപിക്കുകയും വേണം. ഡോ. എ അച്യുതൻ എൻഡോവ്മെന്റ്‌ ഇക്കോ വൈബ്സ് 24ന്റെ ഭാഗമായി പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടന്ന സെമിനാർ പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു അധ്യക്ഷനായി. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ സംസാരിച്ചു.   ടി ബാലകൃഷ്ണൻ സ്വാഗതവും   ടി സുരേഷ് നന്ദിയും പറഞ്ഞു. 
‘മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും പശ്ചിമഘട്ട സംരക്ഷണവും’ എന്ന വിഷയം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ചു. ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. 30 ശതമാനം ചെരിവുള്ള സ്ഥലത്ത് ഇടക്കാല വിളകളേ പാടുള്ളൂവെന്ന നിർദേശം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസാധ്യതാ മുന്നറിയിപ്പുകൾ കൃത്യമായി ജനങ്ങളിലെത്തിക്കാനുള്ള സംവിധാനമുണ്ടാകണമെന്ന്‌ ദുരന്ത നിവാരണത്തിൽ ഭൗമശാസ്ത്രത്തിന്റെ പങ്ക് എന്ന വിഷയം അവതരിപ്പിച്ച ഡോ. വി കെ ബ്രിജേഷ് പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കണ്ടുള്ള പ്രാദേശിക ആസൂത്രണം പ്രധാനപ്പെട്ടതാണെന്ന് ‘കാലാവസ്ഥാ പ്രവചനത്തിലെ കാലാനുസൃതമായ മാറ്റങ്ങൾ’ അവതരിപ്പിച്ച സി കെ വിഷ്ണുദാസ് പറഞ്ഞു. 
ആവശ്യമായ മുൻകരുതലുണ്ടായാൽ ഉരുൾപൊട്ടലിന്റെ ആഘാതങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് ഉരുൾപൊട്ടൽ പ്രതിഭാസം സാങ്കേതിക വിശകലനം എന്ന വിഷയം അവതരിപ്പിച്ച സിഡബ്ല്യുആർഡിഎം റിട്ട. ശാസ്ത്രജ്ഞൻ ഇ അബ്‌ദുൾ ഹമീദ്‌ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വർധിച്ച മഴയുമാണ് പ്രകൃതി ദുരന്തങ്ങൾക്ക് വഴിവച്ചതെന്ന്  ‘പ്രകൃതി ദുരന്തങ്ങളും ഭൂവിനിയോഗ രീതിയും’ എന്ന വിഷയത്തിൽ ഡോ. ടി ആർ സുമ പറഞ്ഞു. ടി പി സുകുമാരൻ, ഇ രാജൻ, വി കെ ചന്ദ്രൻ, കെ പി രമേഷ്, പി കെ ബാലകൃഷ്ണൻ എന്നിവർ മോഡറേറ്ററായി.
കോളേജ് വിദ്യാർഥികളായ നൈന ഷൈബൽ, ചിത്ര എസ് നായർ, സാന്ദ്ര ബെന്നി, അഞ്ജലി മനോജ്, അക്ഷിതാ സുരേന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി കെ സതീശ് ക്രോഡീകരണം നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home