വ്യാജ ഡോക്ടർ നിയമനം: ആശുപത്രിക്കെതിരെ നടപടിയുണ്ടായേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 02:59 AM | 0 min read

ഫറോക്ക്
വ്യാജ ഡോക്ടറുടെ ചികിത്സാപ്പിഴവ് കാരണം രോഗി മരിക്കാനിടയായെന്ന പരാതിയിൽ കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി അധികൃതർക്കെതിരെ നടപടിയുണ്ടായേക്കും.  ഡോക്ടർമാരുടെ നിയമന രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബുധനാഴ്ച വരെ നൽകിയിട്ടില്ല. രേഖകൾ പരിശോധിച്ച്  പൊലീസ് ആശുപത്രി നടത്തിപ്പുകാരെയും കേസിൽ പ്രതി ചേർത്തേക്കും. മരണപ്പെട്ട രോഗികളുടെ ബന്ധുക്കളുടെ പരാതിക്ക് ശേഷമാണ് ഡോക്ടർ ബിരുദമില്ലാത്തയാളാണെന്ന്‌ അറിയുന്നതെന്നാണ്‌ ആശുപത്രി അധികൃതർ പറയുന്നത്.
ആശുപത്രിയിൽ അഞ്ചുവർഷത്തോളം ആർഎംഒ ചുമതലയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി ചാത്തങ്കരി വലിയപറമ്പിൽ അബു ഏബ്രഹാം ലുക്കിന് എംബിബിഎസ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കുറ്റവാളികൾക്കെതിര ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും എല്ലാ നിയമ നടപടിയും സർക്കാർ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 
ഇതുവരെയുള്ള  പൊലീസ്‌  അന്വേഷണം തൃപ്തികരമാണെന്ന്‌ മരണപ്പെട്ട കടലുണ്ടി സ്വദേശി പച്ചാട്ട് വിനോദ് കുമാറിന്റെ മകൻ ഡോ. പി അശ്വിൻ പറഞ്ഞു. 
മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ 2011 ബാച്ചിൽ എംബിബിഎസ് പ്രവേശനം നേടിയ അബു അബ്രഹാം ലൂക്ക് മൂന്ന് വിഷയങ്ങളിൽ  ഒന്നാം വർഷ പരീക്ഷ എഴുതി വിജയിച്ചുവെങ്കിലും  രണ്ടാം വർഷ പരീക്ഷ വിജയിച്ചിട്ടില്ല. നിലവിൽ കെഎംസിടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ അബ്രഹാം ലൂക്ക് ഓരോ വർഷവും രണ്ടാം വർഷ പരീക്ഷ എഴുതുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എങ്കിലും എട്ടുവർഷത്തിലേറെയായി ഇയാൾ മലപ്പുറം ജില്ലയിലുൾപ്പെടെ ഡോക്ടറായി സേവനം നടത്തുന്നതായാണ്‌ വിവരം. ആശുപത്രി അധികൃതർ ഉൾപ്പെടെ കുറ്റക്കാരായ എല്ലാവർക്കെതിരെയും നടപടിയുണ്ടാകുമെന്ന്‌ ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത് പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home