വടകരയെ നടുക്കി കെട്ടിടവരാന്തയിൽ മൃതദേഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 02:36 AM | 0 min read

വടകര 
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ കെട്ടിടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നഗരത്തെ നടുക്കി. നിരവധി വാഹനങ്ങൾ പോകുന്ന ഇടവഴി റോഡിനോട് ചേർന്നാണ്‌ കെട്ടിടം. ഇവിടെ ബുധൻ രാവിലെ ഒമ്പതോടെയാണ്‌ മൃതശരീരം കണ്ടത്. രാവിലെ ഏഴിന് ഇയാളെ പരിസരത്ത് കണ്ടതായി വിവരമുണ്ട്. പിന്നാലെ കഴുത്തിൽ തുണിചുറ്റിയ നിലയിലാണ്‌ മൃതദേഹം കണ്ടത്‌. വായിൽനിന്ന്‌ രക്തം ഒലിച്ചിറങ്ങിയിരുന്നു. ഇതിനാൽ മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ. ഏറെക്കാലമായി വടകരയിലും പരിസരത്തും ഭിക്ഷയെടുത്ത് കഴിയുകയായിരുന്നു ഇയാൾ. കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പേര് വിവരങ്ങൾ ലഭ്യമല്ല.  കോവിഡ് അടച്ചിടൽ സമയത്താണ്  വടകരയിൽ എത്തിയത്. സ്ഥിരമായി ഈ ഭാഗത്തെ കെട്ടിടവരാന്തകളിലാണ് ഉറങ്ങിയിരുന്നത്‌. സമീപത്ത് ടൂറിസ്റ്റ് ഹോം പ്രവർത്തിക്കുന്നുണ്ട്. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന ഇവിടം രാത്രി മദ്യപസംഘങ്ങളുടെ താവളമാണ്. ദേശീയപാതയിൽനിന്ന്‌ എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലേക്കും പഴയ സ്റ്റാൻഡ് ഭാഗത്തേക്കും ഇതുവഴി പോകാനാവും.  ഏത് സമയത്തും റോഡിൽ വാഹനങ്ങളുടെ തിരക്കാണ്. വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തെ കെട്ടിടങ്ങളിൽ സിസിടിവികളില്ല. സമീപ സ്ഥലത്തെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ കഴുത്തിലെ തുണിയുടെ മണംപിടിച്ച് ഓടിയ നായ സമീപത്തെ കെട്ടിടംവരെ പോയിനിന്നു.


deshabhimani section

Related News

View More
0 comments
Sort by

Home