പ്രത്യേക അദാലത്ത്; 102 രേഖകൾ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 03:26 AM | 0 min read

നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന അദാലത്തിൽ 102 രേഖകൾ വിതരണംചെയ്തു. റേഷൻ കാർഡുകളും വോട്ടർ ഐഡികളും ജനന, മരണ സർട്ടിഫിക്കറ്റുകളുമാണ് പുനഃസൃഷ്ടിച്ച് നൽകിയത്. റേഷൻ കാർഡ് കൈമാറി ഇ കെ വിജയൻ എംഎൽഎ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 
വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു ലഭിച്ചത്. 78 അപേക്ഷകൾ പരിശോധിച്ച് പിന്നീട് നൽകാനായി മാറ്റിവച്ചു. അദാലത്തിൽ വിവിധ വകുപ്പുകളുടെ പത്ത് കൗണ്ടറുകളും രണ്ട് ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിച്ചു. 
ഭക്ഷ്യസുരക്ഷ, റവന്യു, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, അക്ഷയ, കൃഷി, രജിസ്ട്രേഷൻ, ബാങ്ക്, മറ്റുള്ളവ തുടങ്ങിയ കൗണ്ടറുകളാണ് പ്രവർത്തിച്ചത്. 13 റേഷൻ കാർഡ്, 22 വോട്ടർ ഐഡി, 23 ജനന, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അദാലത്തിൽവച്ചുതന്നെ അനുവദിച്ചു. ഗതാഗത വകുപ്പ് കൗണ്ടറിൽ ആർസി, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 19 അപേക്ഷകളിൽ 16 എണ്ണം പരിഹരിച്ചു. അക്ഷയ- 28,  കൃഷി നാല്, പട്ടയം മൂന്ന്, മൃഗസംരക്ഷണം ഏഴ്, രജിസ്ട്രേഷൻ എട്ട്, ബാങ്ക് -12, മറ്റുള്ളവ -41 എന്നിങ്ങനെയാണ് വിവിധ കൗണ്ടറുകളിൽ ലഭിച്ച അപേക്ഷകൾ. 
റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന, മരണ സർട്ടിഫിക്കറ്റുകൾ, താൽക്കാലിക ആർസി ബുക്ക്, താൽക്കാലിക ലൈസൻസ് തുടങ്ങിയ രേഖകൾ അതിവേഗത്തിലാണ് പുനഃസൃഷ്ടിച്ച് നൽകിയത്. 
വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു അധ്യക്ഷയായി. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ, വാർഡ് മെമ്പർ ജാന്‍സി, വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസിൽദാർ എം ടി സുഭാഷ് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home