റാഗിങ്ങില്‍ രണ്ട് 
വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 02:00 AM | 0 min read

 
കൊടുവള്ളി
കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ റാഗിങ്ങിനെ തുടർന്ന്‌ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തിലുള്‍പ്പെട്ട അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി. രണ്ടാഴ്ച മുമ്പും സ്‌കൂളില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് സ്‌കൂളിന് പുറത്തുള്ള കടയുടെ സമീപത്തായിരുന്നു സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളുടെ ആവശ്യാനുസരണം പാട്ട് പാടാന്‍ തയ്യാറാവാതിരുന്നപ്പോൾ അടിക്കുകയായിരുന്നുവെന്ന്‌ പരിക്കേറ്റ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ പറഞ്ഞു. അടിയേറ്റ് ഒരു കുട്ടിയുടെ ചെവിയില്‍നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ശക്തമായ അടിയാൽ ചെവിക്ക്‌ ഗുരുതര പരിക്കുണ്ടെന്ന്‌ ഡോക്ടർമാർ പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു. രണ്ടാമത്തെ കുട്ടിക്കും ശരീരമാസകലം അടിയേറ്റിട്ടുണ്ട്‌. പരിക്കേറ്റ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിലും കൊടുവള്ളി പൊലീസിലും പരാതി നല്‍കി. സ്‌കൂളിലെ റാഗിങ്‌ വിരുദ്ധ കമ്മിറ്റി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home