യുഡിഎഫ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ കൈ തല്ലിയൊടിച്ചു

യുഡിഎഫ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ കൈ തല്ലിയൊടിച്ചു. അരമണിക്കൂറോളം നടത്തിയ മർദനത്തിൽ ഗുരുതര പരിക്കേറ്റ എസ്എഫ്ഐ കടുത്തുരുത്തി ഏരിയ സെക്രട്ടറി അരുൺ ഷാജി(22) യെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 5. 30 ഓടെ കീഴൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സമയത്തായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് നടന്ന കീഴൂർ ബാങ്കിന് സമീപമുള്ള സ്കൂളിലേക്ക് കമ്പിവടിയുമായി എത്തിയ മുളക്കുളം പഞ്ചായത്തിലെ യുഡിഎഫ് അംഗം ഇട്ടൂപ്പ് എന്ന് അറിയപ്പെടുന്ന ബിജു, കുരുവിള അഗസ‌്റ്റ്യൻ, അഗസ‌്റ്റ്യൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിന്നിൽ നിന്ന‌് അരുണിനെ അടിച്ച് നിലത്തിട്ടശേഷം കമ്പിവടിക്ക് കൈ തല്ലിയൊടിക്കുകയായിരുന്നു.
ആക്രമണത്തിൽ എൽഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ മുതൽ ബിജുവിന്റെ നേതൃത്വത്തിൽ ആക്രമണത്തിന‌്ശ്രമം നടത്തിയിരുന്നു. ബാങ്കിന്റെ പരിധിയിലില്ലാത്ത നിരവധിയാളുകളെ വോട്ടർപ്പട്ടികയിൽ ഉൾപ്പടുത്തിയത് സംബന്ധിച്ച് സഹകരണ സംരക്ഷണ മുന്നണി ഹൈക്കോടതിയിൽ കേസ‌് നൽകിയതിൽ പ്രകോപിതനായാണ് ബിജുവിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ സിപിഐ എം കീഴൂർ ലോക്കൽ കമ്മിറ്റിയും എസ്എഫ്ഐ ഏരിയ കമ്മറ്റിയും പ്രതിഷേധിച്ചു.









0 comments