കരുതലും കൈത്താങ്ങും അദാലത്തിന് ഇന്ന് തുടക്കം

കോട്ടയം
താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന ‘കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിന് തിങ്കളാഴ്ച ജില്ലയിൽ തുടക്കമാകും. കോട്ടയം താലൂക്കിലെ പരാതിപരിഹാര അദാലത്ത് തിങ്കൾ രാവിലെ 10 മുതൽ കോട്ടയം ബേക്കർ മെമോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എംപിമാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ജോസ് കെ മാണി, ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ് കെ വി ബിന്ദു, കലക്ടർ ജോൺ വി സാമുവൽ എന്നിവർ പങ്കെടുക്കും.
ജില്ലയിൽ മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്താണ് അഞ്ചു താലൂക്കിലായി അദാലത്തുകൾ നടക്കുക. വൈക്കം താലൂക്കിലെ അദാലത്ത് 10ന് രാവിലെ 10 മുതൽ വൈക്കം വല്ലകം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. മീനച്ചിൽ താലൂക്കിലെ അദാലത്ത് 13ന് രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും ചങ്ങനാശേരി താലൂക്കിലേത് 16ന് രാവിലെ 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും.
അധ്യാപക ഒഴിവ് കാണക്കാരി കാണക്കാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ജൂനിയർ തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് താൽപര്യമുള്ള വർ തിങ്കൾ പകൽ 11ന് ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.









0 comments