സ്‌പെഷ്യൽ ഡ്രൈവിൽ 259 കേസ്‌ ; 255 അറസ്‌റ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 12:23 AM | 0 min read

 
കോട്ടയം
ഓണക്കാലത്ത്‌ ലഹരിക്കച്ചവടത്തിനിറങ്ങിയവരെ ഓടിച്ചിട്ട്‌ പിടിച്ച്‌ എക്‌സൈസ്‌. ജില്ലയിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന്‌ കൈവശംവച്ചതിന്‌ എൻഡിപിഎസ്‌ ആക്ട്‌ പ്രകാരം എടുത്തത്‌ 93 കേസുകളാണ്‌. ഇതുകൂടാതെ 166 അബ്‌കാരി കേസുകളും എടുത്തു. ആകെ 259 കേസുകളിലായി 255 പേർ അറസ്‌റ്റിലായി. ഓണത്തോടനുബന്ധിച്ച്‌ ആഗസ്‌ത്‌ 14 മുതൽ ഓണം വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ്‌ നടപടി. പരിശോധനയിൽ നാല്‌ വാഹനങ്ങളും പിടിച്ചെടുത്തു.
  ആകെ 2.74 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അനധികൃത വിൽപനയ്‌ക്കുവച്ചിരുന്ന 412 ലിറ്റർ വിദേശമദ്യം, 13.3 ലിറ്റർ ചാരായം, 23 ലിറ്റർ ബിയർ, 295 ലിറ്റർ കോട, രണ്ട്‌ കിലോ കഞ്ചാവ്‌ എന്നിവയും പിടിച്ചെടുത്തു. ഒരിടത്ത്‌ കഞ്ചാവ്‌ ചെടിയും പിടിച്ചെടുത്തു. അപകടമേറിയ ലഹരിപദാർഥങ്ങളായ എംഡിഎംഎ അരക്കിലോ, ലഹരിഗുളിക രണ്ട്‌ കിലോ എന്നിങ്ങനെയും പിടിച്ചെടുത്തവയിലുണ്ട്‌. 
  ജില്ലയിലെ 11 റേഞ്ച്‌ ഓഫീസുകൾ, അഞ്ച്‌ സർക്കിൾ ഓഫീസുകൾ, ഒരു സ്‌ക്വാഡ്‌ ഓഫീസ്‌ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്‌. അതിർത്തികടന്നുള്ള മദ്യമൊഴുക്ക്‌ വലിയതോതിൽ നിയന്ത്രിക്കാനും ഇത്തവണ സാധിച്ചു. 
 
പിടികൂടിയതിൽ
കുഴൽപ്പണവും
എക്‌സൈസിന്റെ പരിശോധനയിൽ കുഴൽപ്പണം പിടിക്കുക എന്ന അപൂർവതയ്‌ക്കും ജില്ല സാക്ഷ്യംവഹിച്ചു. മൂന്നിടത്തുനിന്നായി 1,77,86,770 രൂപയുടെ കുഴൽപ്പണമാണ്‌ എക്‌സൈസ്‌ പിടിച്ചെടുത്തത്‌. തലയോലപ്പറമ്പിൽനിന്ന്‌ 1.12 കോടി രൂപയും പാലായിൽനിന്ന്‌ 42 ലക്ഷവും പൊൻകുന്നത്തുനിന്ന്‌ 23 ലക്ഷവുമാണ്‌ കണ്ടെടുത്തത്‌. ഇവ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. കേസ്‌ പൊലീസിന്‌ കൈമാറും.   അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന ബസുകളിൽ ചിലതിന്‌ കുഴൽപ്പണക്കടത്തിൽ അറിവുണ്ടെന്ന്‌ സംശയിക്കുന്നുണ്ട്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home