തൊട്ടുരുമ്മാൻ കൊതിപ്പിച്ച്‌ അരുവിക്കച്ചാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 10:43 PM | 0 min read

കോട്ടയം

ചെങ്കുത്തായ പാറയിടുക്കിലൂടെ പതഞ്ഞൊഴുകിയെത്തുന്ന പാലരുവി. സഞ്ചാരികളോട്‌ അത്രമേൽ ചേർന്നുനിൽക്കാൻ വെള്ളിച്ചില്ലുകൾപോലും ആഗ്രഹിക്കുന്നെന്ന്‌ തോന്നിപ്പിക്കും അരുവിക്കച്ചാൽ. വെള്ളച്ചാട്ടത്തോട് തൊട്ടുചേർന്നുനിൽക്കാൻ കൊതിക്കുന്നവർക്ക്‌ അരുവിക്കച്ചാൽ മികച്ച അനുഭവം സമ്മാനിക്കുമെന്നതിൽ സംശയംവേണ്ട.

കോട്ടയം ജില്ലയിലെ തന്നെ വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്‌ പൂഞ്ഞാർ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടം. പൂഞ്ഞാറിൽനിന്ന്‌ എട്ടുകിലോമീറ്റർ ദൂരമാണ്‌ അരുവിക്കച്ചാലിലേക്ക്‌. വെള്ളച്ചാട്ടത്തിന്റെ താഴെഭാഗത്ത്‌ എത്താൻ നാട്ടുപച്ചയ്‌ക്കിടയിലൂടെ നല്ലൊരു നടത്തവുമുണ്ട്‌. റബർതോട്ടത്തിലൂടെയുള്ള ഈ യാത്ര 250 മീറ്ററോളം. ചെറിയ ഇറക്കവും കയറ്റവുമുള്ള നാട്ടുവഴിയിലൂടെ കാഴ്‌ച വസന്തത്തിലേക്ക്‌ എത്താം. 150 അടി മുകളിൽനിന്ന്‌ പാറക്കെട്ടിലൂടെ അതിമനോഹരിയായി ഒഴുകിയിറങ്ങുകയാണ്‌ അരുവിക്കച്ചാൽ. ഒഴുക്ക്‌ ചെന്നെത്തുന്നത്‌ മീനച്ചിലാറ്റിലും. കണ്ണെത്താദൂരത്തേക്ക്‌ പിന്നീടുള്ള ഒഴുക്കും സഞ്ചാരികൾക്ക്‌ വിരുന്നാകും. പാതാമ്പുഴയിൽനിന്ന്‌ ചെറിയനിരക്കിൽ ഓട്ടോറിക്ഷകളിൽ ഇവിടെയെത്താം. 

പാൽപോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. അവയിൽ പലതിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പലരെയും അങ്ങോട്ടുപോകുന്നതിൽനിന്ന്‌ പിന്തിരിപ്പിക്കാറുമുണ്ട്‌. എന്നാൽ അരുവിക്കച്ചാലിൽ വെള്ളം കുത്തിയൊലിച്ച്‌ പതിക്കുന്നിടം തീരെ ആഴമില്ലാതെ നിരന്നൊഴുകുകയാണ്‌. വെള്ളം പതിക്കുന്നിടത്ത്‌ കയമില്ലാത്തതിനാൽ വെള്ളച്ചാട്ടത്തിന്‌ തൊട്ടരുകിലെത്താം. മാത്രമല്ല പ്രകൃതിഭംഗിയും വശ്യമായ കാറ്റും മനംമയക്കുമെന്നതിൽ സംശയമില്ല.

അതിനാൽ തന്നെ സ്‌ത്രീകളും കുട്ടികളുമുൾപ്പെടുന്ന സംഘങ്ങൾ ഇവിടെ ധാരാളമായെത്തുന്നു. മാലിന്യങ്ങളൊന്നുമില്ലാതെ തെളിനീരൊഴുക്കുകയാണ്‌ അരുവിക്കച്ചാൽ. പ്രകൃതി ശാന്തമായിരിക്കുന്ന സമയങ്ങളിൽ ശ്രദ്ധയോടെ ഇവിടെയെത്താം.

 

 



deshabhimani section

Related News

View More
0 comments
Sort by

Home