കെ സി ഗ്രൂപ്പിനെതിരെ തുറന്ന പോരിന്‌ ചെന്നിത്തല പക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 11:25 PM | 0 min read

 
ജില്ലയിലെ കോൺഗ്രസിൽ കെ സി വേണുഗോപാൽ വിഭാഗത്തിനെതിരെ തുറന്നപോരിന്‌ രമേശ്‌ ചെന്നിത്തല ഗ്രൂപ്പ്‌. കുണ്ടറയിൽ കഴിഞ്ഞ ദിവസം യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി തീരുമാനം മറികടന്ന്‌ പ്രത്യേക പ്രതിഷേധയോഗം നടത്തിയതിനെതിരെ കെ സി പക്ഷക്കാരനായ മണ്ഡലം പ്രസിഡന്റ്‌ ഡിസിസി, യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വത്തിന്‌ പരാതി നൽകി. ഇതിന്റെ ചൂടാറുംമുമ്പ്‌ ചെന്നിത്തല വിഭാഗം കൊറ്റങ്കര മണ്ഡലം കമ്മിറ്റി ഓഫീസിൽ വീണ്ടും ഗ്രൂപ്പ്‌ യോഗം ചേർന്നു. 
കൊല്ലത്ത്‌ കെ സി പക്ഷക്കാരിയായ ബിന്ദുകൃഷ്‌ണയും ചെന്നിത്തല വിഭാഗക്കാരനായ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ എ കെ ഹഫീസും തമ്മിലുള്ള പോരും ശക്തമായി. കൊല്ലം നിയമസഭാ സ്ഥാനാർഥിത്വം വിഷയമാക്കി ഇരുകൂട്ടർക്കും ഒപ്പമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയാണ്‌ പ്രചാരണം കൊഴുപ്പിക്കുന്നത്‌. യൂത്ത്‌കോൺഗ്രസ്‌ കുണ്ടറ  മണ്ഡലം കമ്മിറ്റി ഇളമ്പള്ളൂരിൽ വൈദ്യുതി വിലവർധനയ്‌ക്കെതിരെ പ്രതിഷേധയോഗം നടത്തിയ അതേസമയം പെരുമ്പുഴയിൽ ചെന്നിത്തല വിഭാഗവും സമാന്തര യോഗം നടത്തുകയായിരുന്നു. ഇത്‌ ഗുരുതര അച്ചടക്കലംഘനവും സംഘടനാവിരുദ്ധവുമാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ കുണ്ടറ അസംബ്ലി മണ്ഡലം പ്രസിഡന്റ്‌ സനൂപ്‌ സജീർ നൽകിയ പരാതിയിൽ പറയുന്നു. ചെന്നിത്തലയുടെ മുൻ പേഴ്‌സണൽ സെക്രട്ടറി കൂടിയായ സുമേഷ്‌ദാസ്‌, ഡിസിസി ജനറൽ സെക്രട്ടറി രഘു പാണ്ടവപുരം, വിനോദ്‌ കോണിൽ, ഷഫീക്ക്‌ ചെന്താപ്പൂര്‌ എന്നിവർക്കെതിരെയാണ്‌ പരാതി. ഇവർ പങ്കെടുത്ത്‌  ചൊവ്വാഴ്‌ച വീണ്ടും കൊറ്റങ്കരയിലെ ഓഫീസിൽ യോഗം ചേരുകയായിരുന്നു. 
ശൂരനാട്ടും കുന്നത്തൂരും ഐഎൻടിയുസിയും കോൺഗ്രസും തമ്മിലുണ്ടായ തർക്കങ്ങൾക്കു പിന്നിലും ചെന്നിത്തല വിഭാഗം നടത്തുന്ന രാഷ്ട്രീയനീക്കങ്ങളായിരുന്നു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ ചെന്നിത്തല വിഭാഗത്തെ ഒതുക്കിയതാണ്‌ ഗ്രൂപ്പ്‌  പ്രവർത്തനങ്ങൾ സജീവമാക്കിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home