പ്രതീക്ഷയോടെ കൊല്ലം തുറമുഖം

കൊല്ലം
കേരള തീരത്തെ സജീവമാക്കിയും കൊല്ലം തുറമുഖത്തിനു ഭാവിപ്രതീക്ഷ നൽകിയും സംസ്ഥാന മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ 17നു കോഴിക്കോട് ഷിപ്പിങ് ഓപ്പറേഷൻ യോഗം. ചരക്കുകപ്പൽ സർവീസിന് ഭാരത് ബ്രൈറ്റ് ഗ്രൂപ്പ് എന്ന ഷിപ്പിങ് ഗ്രൂപ്പ് രംഗത്തുവന്നതാണ് പുത്തൻ പ്രതീക്ഷ പകർന്നത്. കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്‌സിലാണ് യോഗം. ചെയർമാൻ എൻ എസ് പിള്ളയുടെ നേതൃത്വത്തിൽ മാരിടൈം ബോർഡ് ഉന്നത ഉദ്യോഗസ്ഥരും ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികളും വിവിധ കാർഗോ ഓണേഴ്‌സും യോഗത്തിൽ പങ്കെടുക്കും.
പതിനെട്ടിനു കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സിലും യോഗം ചേരുന്നുണ്ട്. കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് ബേപ്പൂർ വഴി കൊച്ചിയിലേക്കുള്ള ചരക്ക് ഗതാഗതസാധ്യത സംബന്ധിച്ചാണ് ചർച്ച. കയറ്റുമതിക്കും ഇറക്കുമതിക്കും ചരക്കുകൾ ഉണ്ടെങ്കിൽ കൊല്ലത്തേക്കും ചരക്കുകപ്പൽ എത്തുന്നതും ചർച്ചയാകും. ചരക്കുണ്ടെങ്കിൽ കൊല്ലത്തേക്കും സർവീസിന് ഭാരത് ബ്രൈറ്റ് ഗ്രൂപ്പ് സന്നദ്ധമാണ്. കണ്ടെയ്‌നർ കാർഗോ സർവീസും ബൾക്ക് കാർഗോ സർവീസും (നോൺ കണ്ടെയ്‌നർ കാർഗോ) നടത്താൻ ഗ്രൂപ്പ് സന്നദ്ധമാണ്. 20 ഇക്വലന്റ് യൂണിറ്റ്, 40 ഇക്വലന്റ് യൂണിറ്റ് എന്നിങ്ങനെ രണ്ടുതരം കണ്ടെയ്‌നർ കാർഗോ സർവീസാണുള്ളത്. ഇതിൽ 20 ഇക്വലന്റ് യൂണിറ്റ് കാർഗോ സർവീസാണ് പരിഗണനയിലുള്ളത്. സിമന്റ്, തേങ്ങ, മാങ്ങ തുടങ്ങിയ ഉൽപ്പന്നങ്ങൾ വലിയ അളവിൽ കൊണ്ടുപോകുന്നതാണ് ബൾക്ക് കാർഗോ.
Related News

0 comments