സമഗ്രവികസനത്തിന്‌ 
മുന്നിട്ടിറങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 02:15 AM | 0 min read

കോടിയേരി ബാലകൃഷ്‌ണൻ നഗർ (എൻ എസ്‌ പഠനഗവേഷണകേന്ദ്രം, 
മയ്യനാട്‌  ) 
കൂടുതൽ ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും ബഹുജന പങ്കാളിത്തത്തോടെ ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കാനും സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം തീരുമാനിച്ചു. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (എൻ എസ്‌ പഠനഗവേഷണകേന്ദ്രം, മയ്യനാട്‌)മൂന്നുദിവസമായി നടന്ന സമ്മേളനം എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക്‌ സാക്ഷിയായ ജില്ലയിൽ തൊഴിലാളിവർഗ പാർടിയുടെ കരുത്ത്‌ വിളിച്ചറിയിക്കുന്നതായി. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാൻ സമ്മേളനം ആഹ്വാനംചെയ്‌തു. ജില്ലയുടെ വിവിധ വികസനപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള 20 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 
പൊതുമേഖലാ വ്യവസായങ്ങളുടെ കാലോചിത വികസന പദ്ധതികൾ നടപ്പാക്കി തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ക്ഷീരോൽപ്പാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകരെ സഹായിക്കുന്നതിനും ആധുനിക രീതിയിലുള്ള കാലിത്തീറ്റ ഫാക്ടറി ജില്ലയിൽ സ്ഥാപിക്കുക, കാർഷികോൽപ്പന്ന സംസ്കരണത്തിനും സംഭരണത്തിനും കാർഷിക വികസനകേന്ദ്രവും റഫ്രിജറേറ്റർ ഗോഡൗണും സ്ഥാപിക്കുക, കയർ മേഖലയിൽ മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, വ്യവസായം സംരക്ഷിക്കുക, ജില്ലയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം വർധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുക, കൈത്തറി മേഖലയെ സംരക്ഷിക്കുക, തോട്ടം തൊഴിലാളികൾക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുക, നിർമാണ മേഖലയ്ക്ക് ഗുണകരമായ രീതിയിൽ നിർമാണസാമഗ്രികളുടെ നിയന്ത്രിതമായ ഖനനം അനുവദിക്കുക, അങ്കണവാടി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുക, മയ്യനാട് –പരവൂർ പാലം യാഥാർഥ്യമാക്കുക, പരവൂർ കായലിലെ മൺതൂണുകൾ നീക്കംചെയ്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുക, ആധാരമെഴുത്ത് -അനുബന്ധ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, വനമേഖലയിലെ തടി ലേലം ചെയ്ത് തൊഴിൽ സാധ്യത ഉറപ്പുവരുത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. 
ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ 49പേർ ചർച്ചയിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തിന്റെ തുടർച്ചയായി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 46ആണ്. 44അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം ഐകകണ്‌ഠ്യേന അംഗീകരിച്ചു. നാലുപേര്‍ പുതുമുഖങ്ങളാണ്. രണ്ട്‌ ഒഴിവ്‌. മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു ജില്ലയിൽനിന്ന് പ്രതിനിധികളായി 36പേരെ സമ്മേളനം തെരഞ്ഞെടുത്തു. 
പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റി യോഗം ചേർന്ന് ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഭാവി പരിപാടികൾ ജില്ലാ സെക്രട്ടറി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എൻ സന്തോഷ് നന്ദി പറഞ്ഞു. 
കൊട്ടിയം ഏരിയ കേന്ദ്രീകരിച്ച് പ്രവർത്തകർ പങ്കെടുത്ത സമാപന സമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. എസ്‌ സുദേവൻ അധ്യക്ഷനായി. കൊട്ടിയം ഏരിയ സെക്രട്ടറി എസ്‌ ഫത്തഹുദീൻ സ്വാഗതം പറഞ്ഞു. മന്ത്രി കെ എൻ ബാലഗോപാൽ സംസാരിച്ചു.  ജില്ലാ കമ്മിറ്റി അംഗം ആർ ബിജു നന്ദിപറഞ്ഞു. 
 


deshabhimani section

Related News

View More
0 comments
Sort by

Home