ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന് കൂടുതൽ പണം അനുവദിച്ച് കിഫ്ബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 12:21 AM | 0 min read

കരുനാഗപ്പള്ളി
പുതിയകാവ് –-- ചക്കുവള്ളി റോഡിൽ ചിറ്റുമൂലയിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് കിഫ്ബിയുടെ കൂടുതൽ സഹായം ലഭ്യമാകും. മേൽപ്പാലത്തിന്റെ അന്തിമ രൂപരേഖ നൽകി. 39.53 കോടി രൂപയുടെ പുതുക്കിയ നിർദേശത്തിനാണ്‌ കിഫ്ബി ഡയറക്ടർ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചത്. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിൽനിന്ന്‌ ഏകദേശം 11.5 കോടി രൂപയുടെ വർധന വരുത്തിയാണ് പുതിയ അനുമതി. കഴിഞ്ഞ ആറിനു ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 39,53,09,488 രൂപയുടെ അനുമതി നൽകിയത്. ഇതോടെ നിർമാണച്ചുമതലയുള്ള റെയിൽവേ ബ്രിഡ്ജസ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കും. 
ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 7.7 കോടി രൂപ അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവായിരുന്നു. മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ ഇടപെടലിൽ എൽഡിഎഫ് സർക്കാർ 2017ലെ ബജറ്റിലാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിനായി പണം അനുവദിച്ചത്. തടസ്സരഹിത ഗതാഗതം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബി വഴി 29.5 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. പാലത്തിനും അനുബന്ധ റോഡുകൾക്കുമായി സ്ഥലം ഏറ്റെടുക്കുന്നതിന്  2019 മേയിൽ സർക്കാർ ഉത്തരവായി. തുടർന്ന് സാമൂഹികാഘാതപഠനം നടത്തി. 2021 നവംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 ജൂണിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച വിജ്ഞാപനവും ഉണ്ടായി. എ എം ആരിഫ് എംപി ഇടപെട്ട് പിന്നീട് റെയിൽവേ അനുമതികൾ ഉൾപ്പെടെ വേഗത്തിൽ നേടിയെടുത്തു. മുൻ എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ അനുവദിച്ച മാളിയേക്കൽ മേൽപ്പാലം ഇതിനകം നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home