Deshabhimani

സുസ്ഥിരനിർമാണത്തിലേക്ക് കേരളം മാറണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 02:12 AM | 0 min read

 

 
 
ചവറ
സുസ്ഥിര നിർമാണരീതികളിൽ രാജ്യത്തിനു വഴികാട്ടാൻ കേരളത്തിനു കഴിയുമെന്ന പ്രത്യാശ പങ്കുവച്ചും അത്തരം സാങ്കേതികവിദ്യകൾക്കും സമീപനങ്ങൾക്കും കേരളം വർധിച്ച മുൻഗണന നൽകണമെന്ന് ആഹ്വാനം ചെയ്തും യുഎൽ അന്താരാഷ്ട്ര സുസ്ഥിരനിർമാണ കോൺക്ലേവ് സമാപിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ ത്രിദിന കോൺക്ലേവ് സംഘടിപ്പിച്ചത്. കേരളത്തിന് സുസ്ഥിരനിർമാണത്തിനു നയവും നിയമങ്ങളും ആവിഷ്കരിക്കാൻ ആശയാടിത്തറ ഒരുക്കാൻ കോൺക്ലേവിനു കഴിഞ്ഞതായി അവലോകന റിപ്പോർട്ട് വിലയിരുത്തി. കോൺക്ലേവിൽ ലോകത്തെയും രാജ്യത്തെയും പ്രമുഖ സർവകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലും നിർമാണക്കമ്പനികളിലും നിന്നുള്ള 46 വിദഗ്ദ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നാലു പാനൽ ചർച്ചകളിലും പത്തു സാങ്കേതിക സെക്‌ഷനുകളിലുമായി 30 വിഷയങ്ങൾ കോൺക്ലേവ് ചർച്ചചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള 1094 പ്രതിനിധികൾ പങ്കെടുത്തു.
സമാപനസമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്തു. സുജിത്‌ വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. തിരുപ്പതി ഐഐടി ഡയറക്ടർ പ്രൊഫ. എൻ കെ സത്യനാരായണ വിശിഷ്ടാതിഥിയായി. യുഎൽസിസിഎസിന്റെ പ്രിൻസിപ്പൽ കൺസൾട്ടിങ് അഡ്വൈസർ എ വി തോമസ് കോൺക്ലേവിന്റെ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. സിംഗപ്പൂർ അർക്കാഡിസിന്റെ ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീകാന്ത്, അരിസോണ സർവകലാശാല പ്രൊഫസർ നാരായണൻ നെയ്താലത്ത്, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മുൻ എംഡിയും സിഇഒയും ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രിൻസിപ്പൽ അഡ്വൈസറുമായ ജയകുമാർ, യുഎൽസിസിഎസ് സിഒഒ അരുൺ ബാബു എന്നിവർ സംസാരിച്ചു. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും ഐഐഐസി ഡയറക്ടർ ബി സുനിൽകുമാർ നന്ദിയും പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home