ആ ഭാഗ്യവാൻ ദിനേഷ്‌കുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 02:35 AM | 0 min read

 

 
കൊല്ലം
ഓണം ബമ്പറോളംതന്നെ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂജാ ബമ്പർ നറുക്കെടുപ്പിൽ ഒന്നാംസമ്മാനത്തിന്റെ ഭാഗ്യം കരുനാഗപ്പള്ളി സ്വദേശി ദിനേഷ്‌കുമാറിന്‌. കൊല്ലം കെഎസ്ആർടിസി ഡിപ്പോക്കു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയിൽനിന്ന് കരുനാഗപ്പള്ളി തഴവ തൊടിയൂർ നോർത്ത് കൊച്ചയ്യത്ത് കിഴക്കതിൽ ദിനേഷ്‌കുമാർ(39) വാങ്ങിയ പത്തുടിക്കറ്റുകളിൽ ജെസി 325526 എന്ന ടിക്കറ്റിലാണ്‌ 12 കോടി രൂപ ബമ്പറടിച്ചത്‌. സ്വന്തമായി ഡെയറിഫാം നടത്തുന്ന ദിനേഷ് ഫലം ബുധനാഴ്ച ഉച്ചയോടെ ടിവി വാർത്തയിലൂടെ അറിഞ്ഞശേഷം ക്യുആർകോഡ് സ്‌കാൻചെയ്ത് സമ്മാനം ഉറപ്പാക്കുകയായിരുന്നു. 
    അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങുകളുടെ തിരക്കിലായതിനാൽ ഭാഗ്യവാനായ വലിയ രഹസ്യം ആരോടും പറയാതെ ക്ഷമയോടെ കാത്തു. ഭാര്യ രശ്മിയെയും മക്കൾ ധീരജയെയും ധീരജിനെയും സന്തോഷം അറിയിക്കുന്നത് വ്യാഴാഴ്‌ച രാവിലെയാണ്. വിവാഹമായതിനാൽ മറ്റാരും അറിയരുതെന്ന ഗ്യാരന്റിയിൽ ഏജൻസി ഉടമ വിജയകുമാറിനെ ബുധൻ വൈകിട്ടോടെ ഫോണിൽ വിളിച്ച് വിവരം പങ്കുവച്ചു. വ്യാഴം രാവിലെ വിവരമറിഞ്ഞ വീട്ടുകാർ ഉൾപ്പെടെ ആദ്യം വിശ്വസിക്കാൻ തയ്യാറായിരുന്നില്ലെന്നും ടിക്കറ്റ് സ്‌കാൻ ചെയ്തുകാണിച്ചപ്പോഴാണ്‌ എല്ലാവരും ഞെട്ടിയതെന്നും ദിനേഷ് പറഞ്ഞു. ബമ്പർ ടിക്കറ്റുകൾമാത്രം വാങ്ങാറുള്ള ദിനേഷിന് ഇതിനുമുമ്പ്‌ 50000, 10000 രൂപ വീതം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
 
കരുനാഗപ്പള്ളിക്ക്‌ ഇത്‌ 
ഹാട്രിക്‌ ബമ്പർ
കരുനാഗപ്പള്ളി
കേരള സംസ്ഥാന ലോട്ടറിയുടെ ബമ്പർ ഭാഗ്യം ഇത് മൂന്നാം തവണയാണ് കരുനാഗപ്പള്ളിയെ തേടിയെത്തുന്നത്. ഇത്തവണ തൊടിയൂർ സ്വദേശി ദിനേശ് കുമാറിനാണ്‌ 12 കോടിയുടെ പൂജാ ബമ്പർ ലഭിച്ചത്. ഓണം ബമ്പർ തുക 12 കോടിയായി വർധിപ്പിച്ചശേഷം ആദ്യ സമ്മാനം കരുനാഗപ്പള്ളിയിലായിരുന്നു അടിച്ചത്. 2019 സെപ്തംബർ 19ന് നറുക്കെടുത്ത ഓണം ബമ്പർ  കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർ കൂട്ടായി പണമിട്ട് എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്. 2021 സെപ്തംബർ 19ന് വീണ്ടും ഓണം ബമ്പർ കരുനാഗപ്പള്ളിയിലെ ഏജൻസി വിറ്റ ടിക്കറ്റിനു കിട്ടി. എന്നാൽ, ടിക്കറ്റെടുത്തത്‌ തൃപ്പൂണിത്തുറക്കാരനായിരുന്നു. കരുനാഗപ്പള്ളി ലോട്ടറി സബ് ഓഫീസിൽനിന്നു കോട്ടയത്തെ മീനാക്ഷി ലക്കിസെന്റർ വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഇ 645465 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്. ഫലത്തിൽ കരുനാഗപ്പള്ളിയിൽനിന്നു വിതരണംചെയ്ത ടിക്കറ്റാണെങ്കിലും സമ്മാനം ലഭിക്കാൻ അന്ന് കരുനാഗപ്പള്ളിക്കാർക്കു ഭാഗ്യമുണ്ടായില്ല. തങ്ങളുടെ തൃപ്പൂണിത്തുറയിലെ ഔട്ട്‌ലെറ്റിൽനിന്നു വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് മീനാക്ഷി ലക്കി സെന്റർ ഉടമ മുരുകേഷ് പറഞ്ഞു. നേരത്തെ 2010ലും തങ്ങൾക്ക് രണ്ടുകോടി ഒന്നാം സമ്മാനം ലഭിച്ചിരുന്നതായും 40 വർഷത്തോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മുരുകേഷ് പറഞ്ഞു. 2019ലെ ഓണം ബമ്പർ കൂടാതെ 2019 നവംബറിൽ പൗർണമി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 70ലക്ഷവും കരുനാഗപ്പള്ളിയിലെ അതിഥിത്തൊഴിലാളിക്കു ലഭിച്ചിരുന്നു. കരുനാഗപ്പള്ളിയിൽ ബമ്പർ നേടുന്ന ഭാഗ്യവാന്മാരുടെ പരമ്പര ഇപ്പോഴും തുടരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home