പ്രസിഡന്റ്സ് ട്രോഫി, ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി വിപുലമായി നടത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 09:39 PM | 0 min read

കൊല്ലം
പ്രസിഡന്റ്സ് ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി വിപുലമായ പരിപാടികളോടെ ഡിസംബർ 21ന് നടത്താൻ കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നായി പ്രസിഡൻസ് ട്രോഫി ജലമേള മാറും. കലാ- കായികരംഗത്തെ പ്രഗത്ഭ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ചർച്ച നടത്തി. ജനപ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ സംഘാടകസമിതി രൂപീകരിക്കും. പ്രസിഡൻസ് ട്രോഫി പ്രചാരണാർഥം വർണാഭമായ വിളംബര ജാഥ, ദീപശിഖാ റാലി, പ്രമുഖ വ്യക്തികളെ ആദരിക്കൽ, സ്മരണിക പ്രകാശനം, എയർഷോ, വടംവലി മത്സരങ്ങൾ, കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.  
ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര-, സംസ്ഥാന സർക്കാരുകളിൽനിന്നും സ്‌പോൺസർഷിപ് മുഖേനയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. അടുത്ത യോഗം ഡിസംബർ ആദ്യവാരം ചേരും. എൻ കെ പ്രേമചന്ദ്രൻ എംപി, എം മുകേഷ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, എഡിഎം നിർമൽകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ചാമ്പ്യൻസ് ട്രോഫി ജലമേള സാങ്കേതിക കമ്മിറ്റി അംഗം ആർ കെ കുറുപ്പ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Home