ഗോത്രവർഗ വീടുകളിൽ വൈദ്യുതി ഉറപ്പാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 01:53 AM | 0 min read

 

 
കൊല്ലം
ജില്ലയിലെ 50ഗോത്രവർഗ കുടുംബങ്ങൾക്ക്‌ വൈദ്യുതി എത്തിക്കാൻ പട്ടികവർഗ വകുപ്പ്‌. തെന്മല, കുളത്തൂപ്പുഴ, ചിതറ, പിറവന്തൂർ, ആര്യങ്കാവ്‌ പഞ്ചായത്തിലെ 14 ഊരുകളിലെ കുടുംബങ്ങൾക്കാണ്‌ വൈദ്യുതി എത്തിക്കുന്നത്‌. ഇവിടങ്ങളിൽ വൈദ്യുതീകരിക്കാത്ത ഷെഡിലും വീട്ടിലുമായി താമസിക്കുന്നവർക്കാണ്‌ സർക്കാർ ഇരുട്ടകറ്റുന്നത്‌. പട്ടികവർഗ ക്ഷേമവകുപ്പിന്റെ കോർപസ്‌ ഫണ്ടിൽ (ട്രൈബൽ സബ്‌പ്ലാൻ)നിന്ന്‌ ഒരു കുടുംബത്തിന്‌ 12,000രൂപ വിനിയോഗിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. വീടുകളിൽ വയറിങ്‌ നടത്തി നിലവിലുള്ള ലൈനിൽ നിന്ന്‌ കണക്‌ഷൻ നൽകാനാണ്‌ ലക്ഷ്യം. ഊരുകൂട്ടം തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക്‌ വൈദ്യുതി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയുമായി മുന്നേറുകയാണ്‌ സർക്കാർ. 
തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ, ഉറുകുന്ന്‌, കുളത്തൂപ്പുഴ പഞ്ചായത്തിലെ പെരുവഴിക്കാല, രണ്ടാംമൈൽ, വില്ലുമല തുടങ്ങി വനമേഖലയോടു ചേർന്നുകിടക്കുന്ന ഭാഗങ്ങളിലാണ്‌ വൈദ്യുതി എത്തിക്കുന്നത്‌. കേരള അഗ്രോ ഇൻഡസ്‌ട്രീസ്‌ കോർപറേഷനാണ്‌ നിർവഹണച്ചുമതല. കുളത്തൂപ്പുഴയിൽ 15 കുടുംബത്തിനും പിറവന്തൂർ, ആര്യങ്കാവ്‌ എന്നിവിടങ്ങളിൽ 11കുടുംബത്തിനു വീതവും ചിതറയിൽ ഏഴ്‌, തെന്മലയിൽ അഞ്ച്‌ കുടുംബത്തിനുമാണ്‌ ആദ്യഘട്ടം വൈദ്യുതി ലഭിക്കുന്നത്‌. പുതുതായി ഷെഡുകളിലേക്ക്‌ മാറിയിട്ടുള്ളതും വൈദ്യുതീകരിച്ചിട്ടല്ലാത്തതുമായ മറ്റ്‌ കുടുംബങ്ങൾക്ക്‌ രണ്ടാംഘട്ടത്തിൽ ലഭ്യമാക്കാനുള്ള നടപടിയും ഊർജിതമാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Home