പുരസ്‌കാര നിറവിൽ 
കൊല്ലത്തെ മത്സ്യമേഖല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:53 AM | 0 min read

കൊല്ലം
മത്സ്യത്തൊഴിലാളികളെയും മത്സ്യകർഷകരെയും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും നടപ്പാക്കിയ പദ്ധതികളാണ്‌ കൊല്ലം ജില്ലയെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരത്തിന്‌ അർഹമാക്കിയത്‌. 2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ മികച്ച മറൈൻ ജില്ലയ്‌ക്കുള്ള പുരസ്കാരമാണ്‌ കൊല്ലത്തെ തേടിയെത്തിയത്‌. 2021–-22, 2022–-23, 2023–-24 സാമ്പത്തിക വർഷങ്ങളിൽ നടപ്പാക്കിയ വിവിധ പദ്ധതികളാണ്‌ കേന്ദ്ര ഫിഷറീസ് മന്ത്രാലയം പരിഗണിച്ചത്‌. സുസ്ഥിര മീൻപിടിത്തവും മത്സ്യക്കൃഷിയും സാധ്യമാക്കുന്ന പദ്ധതികൾ, യാനങ്ങൾക്ക് മോട്ടോറൈസേഷൻ, പരമ്പരാഗത സബ്സിഡി അനുവദിക്കൽ, മീൻപിടിത്തവലകൾ വാങ്ങുന്നതിന് സബ്സിഡി അനുവദിക്കൽ, മണ്ണെണ്ണ എൻജിനുകളെ പെട്രോൾ എൽപിജി എൻജിനുകളാക്കി മാറ്റുന്നതിനുള്ള സഹായം തുടങ്ങിയ വികസന-ക്ഷേമ പരിപാടികൾ ജില്ലയിൽ സമയബന്ധിതമായി നടപ്പാക്കി. തീരദേശ പുനരധിവാസ പദ്ധതികൾ, ഇൻഷുറൻസ് വികസന പദ്ധതികൾ, അടിസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലും ജില്ല മുന്നിൽത്തന്നെ. കൊല്ലം തീരദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന എല്ലാ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മത്സ്യത്തൊഴിലാളികൾക്ക് വ്യക്തിഗത വീടുകളും അനുവദിച്ചു. മത്സ്യസമ്പത്തിന്റെ സംരക്ഷണാർഥം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്‌ കർശനമായി തടയാനും നടപടിയുണ്ടായി. കോർപറേഷൻ വഴി നടപ്പാക്കിയ ശുചിത്വസാഗരം പദ്ധതിയും മികച്ചതായി. മത്സ്യമേഖലയിൽ ബോധവൽക്കരണ, ആരോഗ്യ ക്യാമ്പുകളും നടത്തിവരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home