പോപ്പുലർ ഫ്രണ്ടുകാർക്ക്‌ 7വർഷം കഠിനതടവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 12:40 AM | 0 min read

കൊല്ലം
പന്ത്രണ്ട്‌ വർഷം മുമ്പ് കൊട്ടിയം കുളപ്പാടത്ത്‌ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ്‌ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴുവർഷം കഠിനതടവും 30,000രൂപ പിഴയും ശിക്ഷ. പരിക്കേറ്റവർക്ക്‌ നഷ്ടപരിഹാരമായി ഓരോ പ്രതിയും 50,000രൂപ വീതം നൽകാനും കൊല്ലം അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി അമൃത വിധിച്ചു. 
കുളപ്പാടം ഷാലുവിള വീട്ടിൽ മുഹമ്മദ് ഫൈസൽ, മുട്ടയ്ക്കാവ് നവജീവൻ ജങ്ഷനിൽ ഇർഷാദ് മൻസിലിൽ ഇർഷാദ്, നെടുമ്പന പുന്നൂർ ചരുവിള ഹബീബ് മൻസിലിൽ ഷഹീർ മുസലിയാർ, കുളപ്പാടം പുത്തൻകട ജാബിൽ മൻസിലിൽ മുഹമ്മദ് താഹിർ, പുത്തൻകട സലിം മൻസിലിൽ സലിം, കുളപ്പാടം വിളയിൽ വീട്ടിൽ അബ്ദുൽ ജലീൻ, തൃക്കോവിൽവട്ടം ചരുവിളപുത്തൻവീട്ടിൽ കിരാർ എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. 11 പ്രതികളുള്ള കേസിൽ ഒന്നാംപ്രതി പുത്തൻകട ജാബിർ മൻസിലിൽ മുഹമ്മദ്‌  അൻവർ, ആറാംപ്രതി പള്ളിമൺ ഇളവൂർ വട്ടയില അഭിലാഷ് ഭവനിൽ ഷാൻ,  ഒമ്പത-ാം പ്രതി ഷാഫി, 11–-ാം പ്രതി ഹുസൈൻ  എന്നിവർ ഒളിവിലാണ്‌.  
2012 ജനുവരി മൂന്നിന്‌ പുലർച്ചെയാണ്‌ ഡിവൈഎഫ്ഐ നെടുമ്പന സൗത്ത് വില്ലേജ് ജോയിന്റ് സെക്രട്ടറിയായിരുന്ന സൈഫുദീൻ, വൈസ്‌ പ്രസിഡന്റായിരുന്ന രഞ്ജിത്, പ്രവർത്തകനായ നിസാം എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സിപിഐ എം ജില്ലാസമ്മേളനത്തിന്റെ വളന്റിയർ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നിസാമിനെ കുളപ്പാടം ഖാദി ജങ്ഷനിലെ വീടിനു സമീപത്ത് പോപ്പുലർ ഫ്രണ്ടുകാർ ആക്രമിച്ചു. രക്ഷപെട്ട് ഓടിയ നിസാം പൊലീസിൽ അറിയിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് കുളപ്പാടം ജങ്ഷനിലെത്തിയ സൈഫുദീനെയും രഞ്ജിത്തിനെയും തലയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപ്പിച്ചത്. നില ഗുരുതരമായതിനാൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് നേരിട്ട് പരിക്കേറ്റവരുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. സെയ്‌ഫുദീൻ നിലവിൽ സിപിഐ എം കുളപ്പാടം നോർത്ത്‌ ബ്രാഞ്ച്‌ സെക്രട്ടറിയും രഞ്ജിത്തും നിസാമും പാർടി അംഗങ്ങളുമാണ്‌. 
കേസിൽ 20സാക്ഷികളെ വിസ്തരിക്കുകയും 51രേഖകൾ ഹാജരാക്കുകയും ചെയ്തു. ചാത്തന്നൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർചെയ്ത കേസിൽ കൊട്ടിയം സിഐയായിരുന്ന എസ് അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ എ നിയാസ് ഹാജരായി. സീനിയർ സിപിഒ അജിത് ദാസ് പ്രോസിക്യൂഷൻ സഹായിയായി.


deshabhimani section

Related News

View More
0 comments
Sort by

Home