കൊട്ടാരക്കര ജിഎച്ച്‌എസ്‌എസിൽ ലാംഗ്വേജ് ലാബ് തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 09:20 PM | 0 min read

കൊട്ടാരക്കര 
കെഎസ്എഫ്ഇ സാമൂഹ്യസുരക്ഷാ പദ്ധതി ഫണ്ട് ഉപയോഗിച്ച് കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ലാം​ഗ്വേജ് ലാബ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. ഹയർ സെക്കൻഡറി പ്രിൻസിപ്പല്‍ ആർ പ്രദീപ് സ്വാഗതംപറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ വനജാ രാജീവ്, സ്ഥിരം സമിതി അധ്യക്ഷൻ കെ ഉണ്ണിക്കൃഷ്ണമേനോൻ, കെഎസ്എഫ്ഇ റീജണൽ മാനേജർ ബിജി എസ് ബഷീർ, പിടിഎ പ്രസിഡന്റ്‌ ബി വേണുഗോപാൽ, എം ബി പ്രകാശ്, പി കെ വിജയകുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ എൻ നിഷ, പ്രധാനാധ്യാപകൻ ശശിധരൻപിള്ള, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 7.25ലക്ഷം രൂപ ചെലവഴിച്ചാണ് ലാം​ഗ്വേജ് ലാബ് ഒരുക്കിയത്.  
കുളക്കട, കൊട്ടാരക്കര, പുത്തൂർ, മുട്ടറ ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്, പെരുങ്കുളം ഗവ. പിവി എച്ച്എസ്എസ്, കുഴിമതിക്കാട് ഗവ. എച്ച്എസ്എസ്‌ എന്നീ ആറ് സ്‌കൂളുകളിലാണ്‌ ആധുനിക സംവിധാനത്തോടുകൂടിയ ലാംഗ്വേജ് ലാബുകൾ സ്ഥാപിച്ചത്‌. വിവിധ ഭാഷകൾ ഉപയോഗിച്ച് അനായാസേന ആശയവിനിമയം നടത്താനുള്ള കഴിവ്‌ വിദ്യാർഥികളിൽ വളർത്തിയെടുക്കുക എന്നതാണ്‌ ലക്ഷ്യം. സ്വദേശത്തും വിദേശത്തുമുള്ള പഠനത്തിനും ജോലി നേടുന്നതിനും ഭാഷാ പ്രാവീണ്യം സഹായകമാകും. സോഫ്റ്റ്‌വെയർ സഹായത്തോടെ രൂപപ്പെടുത്തിയിട്ടുള്ള മൂന്ന് തട്ടിലെ കോഴ്‌സുകൾ വഴിയാണ്‌ വിദ്യാർഥികൾക്ക് ഭാഷകൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിയുക. ഇതുവഴി ഐഇഎൽടിഎസ്‌, ടോഫൽ തുടങ്ങിയ പരീക്ഷകൾ അനായാസേന മറികടക്കാം. അധ്യാപകർക്ക് ഭാഷ എളുപ്പം പഠിപ്പിക്കുന്നതിനും പഠനത്തിൽ കുട്ടികളുടെ പുരോഗതിയും മികവും കൃത്യമായി മനസ്സിലാക്കാനും സാധിക്കും. ഓരോ കുട്ടിയും പഠനത്തിന്റെ ഭാഗമാകും. ഓരോരുത്തരുടെയും മികവ് വിലയിരുത്താനുമാകും. പൂർണമായും ശീതീകരണസംവിധാനമുള്ള ലാബുകളിൽ 16വീതം ലാപ്‌ടോപ്പുകൾ, ഒരു എൽസിഡി പ്രൊജക്ടർ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ്‌ ഒരുക്കിയിട്ടുള്ളത്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home