യുവജന മാർച്ചിൽ പ്രതിഷേധമിരമ്പി

കൊല്ലം
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴും ഉള്ളിലേക്ക് പ്രവേശിക്കാനാകാതെ പടിവാതിലിൽ തൂങ്ങിനിൽക്കുന്നത് ജില്ലയിലെ സാധാരണക്കാരുടെ യാത്രാജീവിതത്തിലെ പുതുമയല്ലാത്ത കാഴ്ചയാണ്. നാടിന്റെ സാമ്പത്തിക മെച്ചപ്പെടലിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന റെയിൽവേ അനുദിനം പരാജയപ്പെടുന്നെന്നും ദേശീയ ഗതാഗത ശൃംഖലയെന്ന നിലയിൽനിന്ന് മാറി ഇന്ത്യൻ റെയിൽവേ ലാഭം മാത്രം ലക്ഷ്യമാക്കുന്ന വെറും വ്യാപാരസ്ഥാപനമായതായും യാത്രക്കാർ പറയുന്നു. തിരുവനന്തപുരം –-മംഗലാപുരം പാതയിലോടുന്ന മലബാർ, മാവേലി എക്സ്പ്രസുകൾ അടക്കമുള്ള ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് കമ്പാർട്ട്മെന്റ് വെട്ടിക്കുറച്ച് പകരം എസി കമ്പാർട്ട്മെന്റുകളാക്കി സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. കൊല്ലം–-പുനലൂർ പാതയിലെ ദുരിതവുമേറെയാണ്. പകൽ സമയം ട്രെയിന്‍ ഇല്ലാത്തതിനാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ വലയുന്നു. ജനദ്രോഹപരമായ റെയിൽവേ നടപടികൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറി എസ് ശ്യാം മോഹൻ, വൈസ് പ്രസിഡന്റ് എം എസ് ശബരിനാഥ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ യു പവിത്ര, പി അനന്ദു, കെ സുധീഷ്, സി രതീഷ് എന്നിവർ സംസാരിച്ചു.









0 comments