പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 10:31 PM | 0 min read

ശാസ്താംകോട്ട
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർകയറ്റി കൊന്ന കേസിലെ പ്രതികളെ രണ്ടുദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു. കരുനാഗപ്പള്ളി വെളുത്തമണൽ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ഡോ. ശ്രീക്കുട്ടി (27) എന്നിവരെയാണ്‌  ശാസ്‌താംകോട്ട ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ ആർ നവീൻ ഞായറാഴ്‌ച വരെ പൊലീസ് കസ്റ്റഡിയിൽവിട്ടത്. തെളിവെടുപ്പിനുശേഷം ഞായർ വൈകിട്ട്‌ അഞ്ചിന്‌ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കണം. ഒന്നാംപ്രതി മുഹമ്മദ്‌ അജ്‌മലിന്റെ മൊബൈൽ ഫോൺ കണ്ടെത്തണമെന്നും പ്രതികൾ സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചു. വലിയ സുരക്ഷയിലാണ്പ്രതികളെ കോടതിയിൽ ഹാജരാക്കിയത്‌. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ ബി ശിഖ, പ്രതികൾക്കുവേണ്ടി സജീന്ദ്രകുമാർ എന്നിവർ ഹാജരായി. 
കസ്റ്റ‍ഡിയിൽവാങ്ങിയ പ്രതികളെ ഇവർ താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് അപകടം നടന്ന മൈനാഗപ്പള്ളി ആനൂർക്കാവിൽ ഇവരെ എത്തിച്ചെങ്കിലും സ്‌ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായെത്തി  പൊലീസ് വാഹനം വളഞ്ഞതോടെ പ്രതികളെ പുറത്തിറക്കാനായില്ല. അപകടശേഷം രക്ഷപ്പെട്ട അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാർ തടഞ്ഞുവച്ച നോർത്ത് മൈനാഗപ്പള്ളിയിലെ ഒഴിഞ്ഞസ്ഥലത്തും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുപ്പ്‌ നടത്തി. ഈ സുഹൃത്തിന്റെ കാറാണ് അജ്‌മൽ ഓടിച്ചിരുന്നത്. തിരുവോണദിവസം വൈകിട്ട് 5.50ന് ആനൂർക്കാവിലാണ് മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളുടെ (45) മരണത്തിനിടയാക്കിയ സംഭവം നടന്നത്. കടയിൽനിന്ന് സാധനംവാങ്ങി സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തിൽ എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.  സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്‌. 


deshabhimani section

Related News

View More
0 comments
Sort by

Home