കരുനാഗപ്പള്ളിയിലെ നേതൃത്വം വെട്ടിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 11:02 PM | 0 min read

കരുനാഗപ്പള്ളി
മദ്യലഹരിയിൽ യുവതിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ അജ്മൽ പിടിയിലായതിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസിന്റെ മറ്റൊരു നേതാവ്‌ പോക്‌സോ കേസിൽ പിടിയിൽ. 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ്‌ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായ ഓച്ചിറ കൊറ്റമ്പള്ളി കണിച്ചേരിൽ രാഹുൽ കണിച്ചേരി ആലപ്പുഴ വീയപുരം പൊലീസിന്റെ പിടിയിലായത്. ഇതോടെ പ്രദേശത്തെ കോൺഗ്രസ്‌–- യൂത്ത് കോൺഗ്രസ്‌ നേതൃത്വവും വെട്ടിലായി. ഭാര്യയുടെ ബന്ധുവായ പെൺകുട്ടിയെ രാഹുൽ നിരന്തരം പീഡനത്തിനിരയാക്കി എന്നാണ് കേസ്. പെൺകുട്ടി കൗൺസലിങ്ങിനിടെ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്‌. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടത്‌ നേതൃത്വത്തിന്‌ തിരിച്ചടിയായി.
കരുനാഗപ്പള്ളിയിലെ യൂത്ത് കോൺഗ്രസിനുള്ളിൽ നേതാക്കൾക്ക് സ്ഥാനം ഉറപ്പിക്കാനും സംഘടനാ തെരഞ്ഞെടുപ്പിൽ സ്ഥാനമാനങ്ങൾ നേടാനും ലഹരിമാഫിയയിലും സാമൂഹ്യവിരുദ്ധ സംഘങ്ങളിലുംപെട്ട നിരവധിപേരെ സംഘടനയ്ക്കുള്ളിലേക്ക് തിരുകി കയറ്റിയതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്ന് ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന യുവ എംഎൽഎയുടെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും സ്ത്രീ പീഡനങ്ങളിലും ഉൾപ്പടെയുള്ള വലിയ കേസുകളിൽ തുടർച്ചയായ ദിവസങ്ങളിൽ പ്രതികളാക്കപ്പെട്ടത് കരുനാഗപ്പള്ളിയിലെ സംഘടനയ്‌ക്കുള്ളിൽ വലിയതോതിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സ്ഥലം എംഎൽഎയും മുതിർന്ന ചില നേതാക്കളും ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നിരന്തരമായി ചെയ്തു കൊടുക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
 


deshabhimani section

Related News

View More
0 comments
Sort by

Home