കാർബൺ ന്യൂട്രലാകാൻ 
കോട്ടുക്കൽ കൃഷിഫാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 12:27 AM | 0 min read

 

 
കൊല്ലം
രാസവളങ്ങൾക്കും കീടനാശിനിക്കും ഗുഡ്ബൈ പറയുകയാണ് ജില്ലാപഞ്ചായത്തിന്റെ കോട്ടുക്കൽ കൃഷിഫാം. കാർബൺ ന്യൂട്രൽ ഫാമായി മാറുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി ഇവ കുറയ്‌ക്കും. തോട്ടത്തിൽനിന്നും പുറംതള്ളുന്നതും ആഗിരണം ചെയ്യുന്നതുമായ കാർബണിന്റെ അളവ്‌ തുല്യമാക്കുകയാണ്‌ ലക്ഷ്യം.  കോട്ടുക്കൽ ഉൾപ്പെടെ സംസ്ഥാനത്തെ 14 ഫാമുകളെ  കാർബൺ ന്യൂട്രൽ കൃഷിരീതിയിലേക്കു മാറ്റാനാണ്‌  കൃഷിവകുപ്പ്‌ തീരുമാനം. കോഴിക്കോട് കുന്ദമംഗലം ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിനാണ്‌ (സിഡബ്ലുആർഡിഎം) പദ്ധതി നടത്തിപ്പ്‌ ചുമതല. 2.83 ലക്ഷം രൂപ വിനിയോഗിച്ച്‌ ഫാമിലെ കാർബണിന്റെ അളവിനെക്കുറിച്ചു പഠനം നടത്തും. ഫാമിലെ  വാഹനങ്ങളടക്കം പുറംതള്ളുന്ന കാർബൺ, ആഹാരാവശിഷ്ടം,  മണ്ണ്‌, മരങ്ങൾ എന്നിവയുടെ വിവരം കൈമാറി. കീടനാശിനി പ്രയോഗം നടത്തുമ്പോൾ വൻതോതിലാണ്‌ കാർബൺ അന്തരീക്ഷത്തിലെത്തുന്നത്. കാർബൺ അമിതമായി പുറംതള്ളുന്നതാണ്‌ ആഗോളതാപനം വർധിക്കാനുള്ള പ്രധാന കാരണം. 
കൂടാതെ ഫാമിലെ മരങ്ങൾ കാർബൺ ആഗിരണം ചെയ്യുന്നതുകൂടി കണക്കിലെടുത്ത്‌ കാർബൺ നെഗറ്റീവിൽ എത്തിക്കാനുള്ള നടപടിയെടുക്കും. ഫാമിനെ കാർബൺ മുക്തമാക്കിയ ശേഷം പഠനകേന്ദ്രമാക്കി മാറ്റി അതുവഴി കർഷകരെ ഇതിന്റെ പ്രാധാന്യം പഠിപ്പിക്കും. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലിൽ 350 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഫാമിൽ ഏറെയും തെങ്ങിൻതോപ്പാണ്‌,  1, 800 തെങ്ങുണ്ട്‌. 100ഏക്കറിൽ കശുമാവ്‌ തോട്ടവുമുണ്ട്‌. മാവുകൾ,  പേര, റംബൂട്ടാൻ, മംഗോസ്‌റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്‌ തുടങ്ങി വിവിധയിനം ഫലവൃക്ഷ തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളുമുള്ള ഇവിടെ കശുമാവിനു കീടനാശിനി തളിക്കുന്നത്‌ നിർത്തിയിരുന്നു. ഉൽപ്പാദനം വർധിപ്പിക്കാൻ  ജൈവവളം മാത്രമാകും ഉപയോഗിക്കുക.


deshabhimani section

Related News

View More
0 comments
Sort by

Home