ജില്ലയ്‌ക്ക്‌ 2.68 കോടി അനുവദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 01:07 AM | 0 min read

കൊല്ലം
ജില്ലയിലെ പച്ചക്കറിക്കൃഷിക്കായി സംസ്ഥാന സർക്കാർ 2,68,96,640 രൂപ അനുവദിച്ചു. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷണവും എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. ജില്ലയ്ക്ക് ആവശ്യമായ പച്ചക്കറികൾ വീടുകളിൽത്തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടുലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകൾ, 2.5 ലക്ഷം പച്ചക്കറിത്തൈകൾ, 10,000 ദീർഘകാല പച്ചക്കറിത്തൈകൾ എന്നിവ ലഭിക്കും. ചെറുകിട കർഷകർ, കൃഷിക്കൂട്ടങ്ങൾ, വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന കർഷകർ എന്നിവർക്ക് വിതരണംചെയ്യുന്നതിനായി 10,000 ഹൈബ്രീഡ് പച്ചക്കറി വിത്തുപായ്ക്കറ്റുകളും അഞ്ചുസെന്റിൽ കൂടുതൽ കൃഷിചെയ്യുന്ന ചെറുകിട പച്ചക്കറി കർഷകർക്ക് നാലുലക്ഷം സങ്കരയിനം പച്ചക്കറിത്തെകളും കൃഷിഭവനുകൾ വഴി സൗജന്യമായി വിതരണംചെയ്യും. തുറസ്സായ സ്ഥലത്ത്‌ പച്ചക്കറി കൃഷിചെയ്യുന്നതിനായി ഒരു ഹെക്ടറിന് ഒരു ലക്ഷം രൂപവരെ ധനസഹായം നൽകും. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ രൂപീകരിച്ചിട്ടുള്ള അഞ്ച് ഹെക്ടർ വീതമുള്ള ക്ലസ്റ്ററുകൾക്ക് 1,25,000 രൂപവീതം ധനസഹായം ലഭിക്കും. സ്റ്റാഗേർഡ് ക്ലസ്റ്റർ ഘടകത്തിൽ കൃഷിചെയ്യുന്നതിന് പന്തൽ ഇനത്തിൽ ഒരു ഹെക്ടറിന് 25,000 രൂപ നിരക്കിലും നോൺ-പന്തൽ ഇനത്തിൽ ഒരു ഹെക്ടറിന് 20,000 രൂപ നിരക്കിലും ധനസഹായം നൽകും.
മഴമറക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 40 മുതൽ 100 ചതുരശ്ര മീറ്റർവരെ വിസ്തൃതിയുള്ള മഴമറയ്ക്ക് പരമാവധി 75ശതമാനം സബ്‌സിഡി നിരക്കിൽ 50,000 രൂപവരെ ധനസഹായം നൽകും. 2500 ചതുരശ്ര മീറ്റർ മഴമറ യൂണിറ്റുകൾക്കാണ് ധനസഹായത്തിന്‌ അർഹത. പോഷകത്തോട്ടങ്ങൾ യൂണിറ്റ് ഒന്നിന് 500രൂപ സബ്‌സിഡി നിരക്കിൽ കർഷകർക്ക് ധനസഹായം നൽകും. വാണിജ്യാടിസ്ഥാനത്തിൽ പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് ഹെക്ടറൊന്നിന് 25,000 രൂപ സബ്‌സിഡി അനുവദിക്കും. മട്ടുപ്പാവിലും വീട്ടുമുറ്റത്തും ഉദ്യാനസസ്യങ്ങളോടൊപ്പം പച്ചക്കറികൾ കൊണ്ടുള്ള പോഷകത്തോട്ടങ്ങൾ നിർമിക്കാൻ കണ്ടെയ്‌ലർ കൃഷി ചെയ്യുന്നതിനായി ഒരു യൂണിറ്റിന് 25ശതമാനം സബ്‌സിഡി നിരക്കിൽ പരമാവധി 3750 രൂപ സാമ്പത്തിക സഹായം അനുവദിക്കും. താൽപ്പര്യമുള്ളവർ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home