കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ടം ജില്ലാതല ഉദ്ഘാടനം ഇന്ന്

കാസർകോട്
കുടുംബശ്രീ സ്‌കൂൾ രണ്ടാംഘട്ടം ജില്ലാതല ഉദ്ഘാടനം ഞായറാഴ്‌ച പകൽ 11ന് കാസർകോട് മിലൻ ഗ്രൗണ്ടിൽ മന്ത്രി എ സി മൊയ്‌തീൻ നിർവഹിക്കുമെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോ‐ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുടുംബശ്രീ പ്രവർത്തകർക്കിടയിൽ അറിവും അനുഭവവും പങ്കുവയ്ക്കാനും പുതിയ തലങ്ങളിലേക്ക് ഉയർന്നുവരാനും ആവശ്യമായ രീതിയിൽ താഴെ തലങ്ങളിലേക്ക് കുടുംബശ്രീ പദ്ധതികളെയും അനുബന്ധവിവരങ്ങളെയും ഉൾപ്പെടുത്തി ചർച്ചചെയ്യുന്നതിനുമായി നടപ്പാക്കിയതാണ് കുടുംബശ്രീ സ്‌കൂൾ പദ്ധതി. സൂക്ഷ‌്മതല വായ‌്പ ആസൂത്രണം ചെയ്യാൻ അംഗങ്ങളെ പ്രാപ‌്തമാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.
ജില്ലയിൽ നടപ്പാക്കിയ കാർഷിക പുനരാവിഷ്‌കരണ പദ്ധതിയായ മഴപ്പൊലിമ വിജയികൾക്ക് മന്ത്രി ഡോ. ടി എം തോമസ് ഐസക് സമ്മാനം നൽകും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനാകും. പി കരുണാകരൻ എംപി മുഖ്യാതിഥിയാകും. "അരിശ്രീ' കുടുംബശ്രീ മഴപ്പൊലിമ അരിവിതരണം കലക്ടർ ഡോ. ഡി സജിത്‌ബാബു നിർവഹിക്കും. പകൽ 12ന് "സ്‌ത്രീ‐ നവോത്ഥാനം മുതൽ നവകേരളത്തിലൂടെ' സെമിനാർ. ഡോ. വി പി പി മുസ്‌തഫ വിഷയം അവതരിപ്പിക്കും.
കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിഷയത്തിൽ കില ഡയറക്ടർ ഡോ. ജോയി ഇളമൺ ക്ലാസെടുക്കും. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി ബേബി മോഡറേറ്ററാകും. ചർച്ചയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, നീലേശ്വരം ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ജില്ലാ ആസൂത്രണ സമിതി അംഗം കെ ബാലകൃഷ്‌ണൻ, കെ വിനോദ്‌കുമാർ എന്നിവർ പങ്കെടുക്കും. വിവിധ സെഷനുകളെ അധികരിച്ച് മന്ത്രിമാരുമായി മുഖാമുഖം പരിപാടിയുമുണ്ടാകും.
തുടർന്ന് മാനവികതയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന "പന്തിഭോജന'വുമുണ്ടാകും. കുടുംബശ്രീ എഡിഎംസിമാരായ സി ഹരിദാസ്, ഡി ഹരിദാസ്, ജോസഫ് പെരുകിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments