മാറാത്ത കാസർകോട‌് പാർക്കിങ് പൊല്ലാപ്പ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2018, 06:01 PM | 0 min read

കാസർകോട‌്
നഗരസഭയിൽ നിർമിക്കുന്ന കെട്ടിട പെർമിറ്റിന‌്  അപേക്ഷിക്കുമ്പോൾ താഴത്തെ നിലയിൽ പാർക്കിങ്ങിന‌് സ്ഥലം വിട്ടിട്ടുണ്ടായിരിക്കും. പ്രവർത്തനാനുമതി ലഭിച്ച‌് കെട്ടിടം തുറക്കുമ്പോൾ പാർക്കിങ് സ്ഥലം കാണില്ല.  ഇവിടം കല്ല‌് കെട്ടി മുറികളായി തിരിച്ചിരിക്കും.  മുറികൾ സ്വന്തം ആവശ്യത്തിന‌് ഉപയോഗിക്കും. അല്ലെങ്കിൽ വാടകക്ക‌് കൊടുക്കും. നഗരത്തിലെ കെട്ടിടങ്ങളുടെ  പൊതുസ്ഥിതിയാണിത‌്. ഇത്തരത്തിലുള്ള കെട്ടിടങ്ങൾ അനധികൃത നിർമാണമാണെന്ന‌് പരാതിപ്പെട്ടാൽ നഗരസഭയിലെ മുസ്ലീം ലീഗ‌് ഭരണസമിതി സമ്മതിച്ച‌് തരില്ല. കാരണം ഇതിന‌് പിന്നിലും കാണും ലക്ഷങ്ങളുടെ അഴിമതിയും കഥകളും.  ഇതിന്റെ ദുരിതം അനുഭവിക്കേണ്ടത‌്  നഗരവാസികളും യാത്രക്കാരും. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ വാഹനങ്ങൾ വഴിവെക്കിൽ വെച്ച‌് പോകാൻ നിർബന്ധിതരാകുന്നു. ദേശീയപാതയിലും മറ്റ‌് റോഡുകളിലും ഗതാഗത കുരുക്കിന‌് കാരണം ഇതാണ‌്.    സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ വർധിച്ചും വാഹനങ്ങൾ പെരുകിയും നഗരം വീർപ്പ‌്  മുട്ടുമ്പോൾ പ്രത്യേക പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്താൻ നഗരസഭ തയ്യാറല്ല. സ്വകാര്യ വ്യക്തികളുമായി സഹകരിച്ച‌് അവരുടെ സ്ഥലത്ത‌് പാർക്കിങ് സൗകര്യമൊരുക്കിയ കാഞ്ഞങ്ങാട‌് നഗരസഭ മാതൃക മുന്നിലുണ്ടായിട്ടും കണ്ണ‌് തുറക്കാൻ കാസർകോട‌് നഗരസഭ തയ്യാറല്ല. 
പുതിയ ബസ‌്റ്റാൻഡ‌് പരിസരത്ത‌് ഒപ്പുമര ചുവട്ടിലാണ‌് വാഹനങ്ങൾ പാർക്ക‌് ചെയ്യുന്നത‌്.  കടകളിലേക്കും മറ്റുമെത്തുന്നവർ ഇവിടെയാണ‌് വാഹനങ്ങൾ നിർത്തിയിടുന്നത‌്.  മംഗളൂരുവിലേക്കും മറ്റും പോകുന്നവരും വാഹനങ്ങൾ ഇവിടെയാണ‌് നിർത്തിയിടാറ‌്.  ദേശീയപാതയിലെ ഗതാഗത കരുക്ക‌ിന‌് നല്ല സംഭവനയാണ‌് ഇവ നൽകുന്നത‌്.  പുതിയ ബസ‌്റ്റാൻഡിലേക്ക‌് കടക്കുന്നയിടത്ത‌് പുതുതായി ഒരുക്കിയ പാർക്കിങ‌് സൗകര്യം പരിമിതമായ വാഹനങ്ങൾക്ക‌് മാത്രമാണ‌് ഉപകാരപ്പെടുന്നത‌്. ദേശീയപാത നാലുവരിയാകുന്നതോടെ ഇപ്പോഴുള്ള സൗകര്യവും ഇല്ലാതാകും.  പാർക്കിങ്ങിന‌് വിപുലമായ പദ്ധതി തയ്യാറാക്കേണ്ടി വരും. 
പാർക്കിങ് സൗകര്യമില്ലാത്തതിനാൽ പഴയ ബസ‌്സ‌്റ്റാൻഡ‌് ഗതാഗത കുരുക്കിലായിട്ട‌് കാലങ്ങളായി. റോഡിലാണ‌് പലയിടത്തും വാഹനങ്ങൾ പാക്ക‌് ചെയ്യുന്നത‌്. എംജി റോഡിലും  സെക്കൻഡ‌് ക്രോസ‌് റോഡിലും പകൽ നിന്ന‌് തരിയാൻ ഇടമില്ലാത്ത വിധം വാഹനങ്ങളായിരിക്കും. ട്രാഫിക‌് പൊലീസ‌് പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. നഗരത്തിന്റെ സിരാകേന്ദ്രമായ ഇവിടെ ആയിര കണക്കിന‌് വാഹനങ്ങ‌ളാണ‌് ദിവസവും വരുന്നത‌്. ഇവയൊന്നും ഉൾക്കൊള്ളാനുള്ള ശേഷി പഴയ ബസ‌്സ‌്റ്റാൻഡിനും പരിസരത്തിനുമില്ല. മത്സ്യമാർക്കറ്റിലേക്ക‌് പോകാനും വരാനും  പെടാപാടാണ‌്.  
ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടാണ‌് ആളുകൾ പോകുന്നത‌്. മത്സ്യവുമായി മാർക്കറ്റിലെത്തുന്ന  ലോറികൾ പലപ്പോഴും കുടുങ്ങും. പിന്നീട‌് കുരുക്കഴിയണമെങ്കിൽ മണിക്കൂറുകൾ വേണം. കെഎസ‌്ആർടിസി ബസ‌്സ‌്റ്റാൻഡ‌് പരിസരത്തും നിത്യവും കുരുക്കാണ‌്.
 


deshabhimani section

Related News

View More
0 comments
Sort by

Home