മലയോരത്ത്‌ റോഡുകളുടെ വികസനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2018, 05:27 PM | 0 min read

വെള്ളരിക്കുണ്ട് 
മലയോരത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടാൻ ഒന്നിനു പിറകെ ഒന്നായി റോഡുകളുടെ നവീകരണങ്ങൾക്കും തുടക്കമാകുന്നു. മലയോരത്തെ പ്രധാന റോഡുകളിൽ ഒന്നായ ചിറ്റാരിക്കൽ മണ്ഡപം കുന്നുംകൈപാലം റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിക്ക്‌  ടെൻഡറായി. രണ്ടര കിലോമീറ്റർ റോഡാണ് രണ്ടാംഘട്ടത്തിൽ നവീകരിക്കുക. ആദ്യം 1.6 കിലോമീറ്റർ റോഡ് മെക്കാഡം ടാറിങ്‌  നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. 
10.5 കിലോ മീറ്റർ ആണ് ചിറ്റാരിക്കൽ മണ്ഡപം കുന്നുംകൈ പാലം റോഡ്.  ഇതിന്റെ ഏറ്റവും ഗതാഗത ദുരിതം പേറുന്ന ഭാഗമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുന്നത്. എം രാജഗോപാലൻ എംഎൽഎയുടെ നിർദേശപ്രകാരം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് സർക്കാർ തുക അനുവദിച്ചത്. നാലുകോടി രൂപയുടെ ടെൻഡർ നടപടിയാണ് പൂർത്തീകരിച്ചത്. ഇത് 3,41,39,000 രൂപക്ക് ബേവിഞ്ചയിലെ എംസി കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാറെടുത്തത്‌.  10 മീറ്റർ വീതിയിൽ അഞ്ചര  മീറ്റർ മെക്കാഡം ടാറിങ്‌  രണ്ടര  കിലോമീറ്റർ ദൂരം പൂർത്തിയാക്കാനാണ് കരാർ. ഇതിൽ കോൺക്രീറ്റ്, മൺ ഓവുചാലും പൈപ്പ് കൾവർട്ടുകൾ എന്നിവയും നിർമിക്കും. 
മലയോരത്തെ പ്രധാന ടൗണുകളിൽ ഒന്നായ ചിറ്റാരിക്കാലിൽ നിന്ന്‌  നഗരപ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. ഭീമനടി നീലേശ്വരം റോഡിനെ കുന്നുംകൈയിൽ നിന്ന്‌  ബന്ധിപ്പിക്കുന്ന ഈ റോഡിൽ കൂടി നിരവധി ബസ്‌ സർവീസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.പലയിടത്തും  റോഡ് തകർന്നതുമൂലം ഗതാഗതം ദുഷ്കരമായിരുന്നു. ഇതേത്തുടർന്നാണ് എം രാജഗോപാലൻ എംഎൽഎ ഇടപെട്ട്‌ റോഡിന് കാസർകോട് പാക്കേജിൽ തുക നീക്കിവെപ്പിച്ചത്. 
ഇതോടൊപ്പം അനുവദിച്ച മാങ്ങോട് എടത്തിലവളപ്പ് റോഡിന്റെ ആറു കോടി രൂപയുടെ പ്രവൃത്തിയുടെയും ടെൻഡർ അടുത്ത ദിവസം  നടക്കും. വരക്കാട് ചീർക്കയം പറമ്പ റോഡിന്റെ പണി ടെൻഡർ നടന്നു.  ചീമേനി കടുമേനി നല്ലോമ്പുഴ റോഡ്, ചിറ്റാരിക്കൽ ഭീമനടി മുക്കട റോഡ്, പെരളം കമ്പല്ലൂർ കടുമേനി പാവൽചിറ്റാരിക്കൽ റോഡ് എന്നിവയെല്ലാം വരുംനാളുകളിൽ നവീകരണത്തിന് തുടക്കമാകും. മലയോര ഹൈവേയുടെ സർവേ നടപടികളും പൂർത്തിയായി. 
മലയോരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ ആണ് ജനകീയ എംഎൽഎ യുടെ നേതൃത്വത്തിൽ നടക്കുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home