അംഗപരിമിത സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കെട്ടിക്കിടക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2018, 05:26 PM | 0 min read

കാസർകോട്‌ 

സാമൂഹ്യനീതി വകുപ്പ്‌ സാമൂഹ്യ സുരക്ഷാമിഷൻ വഴി അംഗപരിമിതർക്ക്‌ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനുമായി നൽകിയ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. അങ്കണവാടികൾ മുഖേനയും നഗരസഭകളിലെ വയോമിത്രം പദ്ധതിയിലൂടെയുമായി മൂവായിരത്തോളം അപേക്ഷയാണ്‌  ലഭിച്ചിട്ടുള്ളത്‌. അസ്ഥി, മാനസികം, കാഴ്‌ച, ഇഎൻടി വിഭാഗങ്ങളിൽ 40 ശതമാനത്തിന്‌ മുകളിൽ വൈകല്യമുള്ളവർക്ക്‌  പ്രത്യേക മെഡിക്കൽ ബോർഡിന്റെ പരിശോധനക്ക്‌ ശേഷമാണ്‌ മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകുന്നത്‌. മാസത്തിൽ ഒരുതവണ വീതം ജില്ലാ‐ ജനറൽ ആശുപത്രികളിൽ ഇത്തരം പരിശോധന നടന്നിരുന്നുവെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്‌. 
അപേക്ഷകരുടെ എണ്ണം കണക്കാക്കി സാമൂഹ്യസുരക്ഷാ മിഷൻ വഴി പഞ്ചായത്തുകളിൽ ക്യാമ്പുകൾ നടത്തി മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകുന്നുണ്ട്‌. എന്നാൽ  ഫെബ്രുവരിക്ക്‌ ശേഷം ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ നടന്നിട്ടില്ല. ശരാശരി 250‐ 300 അപേക്ഷകരാണ്‌ ഓരോ ക്യാമ്പിലും പരിശോധനക്കെത്താറുള്ളത്‌.  മാനസിക വൈകല്യമുള്ളവരാണെന്ന പേരിൽ ആയിരത്തോളംപേരാണ്‌ അേപക്ഷ നൽകിയിട്ടുള്ളത്‌. 
എംഫിൽ യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ നൽകുന്ന ഐക്യു സർട്ടിഫിക്കറ്റ്‌ കാണിച്ചാൽ മാത്രമേ മെഡിക്കൽ ബോർഡ്‌ ഈ അപേക്ഷകരെ പരിഗണിക്കുകയുള്ളു. ജില്ലയിൽ നിശ്ചിത യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്‌റ്റുമാരില്ലാത്തത്‌ അപേക്ഷകരെ ദുരിതത്തിലാക്കുകയാണ്‌. 
നിലവിൽ ഭീമമായ ഫീസ്‌ നൽകി മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെയോ പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിയെയോ ആശ്രയിക്കേണ്ട ഗതികേടിലാണിവർ. തീർത്തും നിർധനരായ കുടുംബങ്ങളിൽപെട്ട അപേക്ഷകർക്ക്‌ ഇത്രയും ഭീമമായ തുക നൽകി പരിശോധനക്ക്‌ പോകാനാവില്ലെന്നിരിക്കെ ജില്ലാ ആശുപത്രിയിലോ ജനറൽ ആശുപത്രിയിലോ എംഫിൽ യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്‌റ്റിനെ സ്ഥിരമായി നിയമിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്‌. 
മറ്റ്‌ ജില്ലകളിലെ സർക്കാർ ആശുപത്രികളിലെ എംഫിൽ യോഗ്യതയുള്ള ക്ലിനിക്കൽ സൈക്കോളജിസ്‌റ്റിന്റെ സേവനം ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ജില്ലാ‐ ജനറൽ ആശുപത്രികളിൽ ലഭിച്ചാൽ  പ്രശ്‌നത്തിന്‌ നേരിയ പരിഹാരം കാണാനാകും. നിലവിലെ സ്ഥിതിയിൽ സാമൂഹ്യസുരക്ഷാ മിഷൻ  വഴി ക്യാമ്പ്‌ നടത്തിയാൽ പരിശോധനക്ക്‌ ശേഷം നൂറിൽതാഴെ അപേക്ഷകർക്കാണ്‌  സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകാനാവുക. 
രാവിലെ മുതൽ വൈകിട്ടുവരെ നാല്‌ ഡോക്ടർമാരെയും മറ്റ്‌ സാങ്കേതിക വിദഗ്‌ധരെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന ക്യാമ്പ്‌ വിജയകരമാകണമെങ്കിൽ 200ന്‌ മുകളിൽ അപേക്ഷകർക്കെങ്കിലും തിരിച്ചറിയൽ കാർഡ്‌ നൽകാനാകണം.  
ജില്ലാ ആശുപത്രിയിൽ നിലവിൽ രണ്ട്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റുമാരുണ്ട്‌. ഇവർക്ക്‌  എംഫിൽ യോഗ്യതയില്ലാത്തതാണ്‌ ഐക്യു സർട്ടിഫിക്കറ്റ്‌ നൽകാനുള്ള തടസ്സം. കലക്ടറോ ജില്ലാ മെഡിക്കൽ ഓഫീസറോ ഇടപെട്ട്‌ ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്‌റ്റുമാർ നൽകുന്ന സർട്ടിഫിക്കറ്റ്‌ പ്രകാരം അപേക്ഷകരെ മെഡിക്കൽ പരിശോധനക്ക്‌ വിധേയമാക്കാൻ സാധിച്ചാൽ ഈ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമാകും. 
ഇതിലൂടെ സാമൂഹ്യസുരക്ഷാ മിഷൻ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ മുഴുവൻ അപേക്ഷകരെയും പരിശോധിച്ച്‌ അർഹരായവർക്ക്‌ മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകാനാകും.


deshabhimani section

Related News

View More
0 comments
Sort by

Home