ചിരുതേട്ടിക്കും മകൾക്കും വീടൊരുങ്ങുന്നു

തൃക്കരിപ്പൂർ
തലചായ്ക്കാൻ ചിരുതേട്ടിക്ക് അടച്ചുറപ്പുള്ളൊരു വീടൊരുങ്ങുന്നു. സിപിഐ എം തൃക്കരിപ്പൂർ നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് ഒരാശ്രയവും ഇല്ലാതെ മകളോടൊപ്പം കഴിയുന്ന എടാട്ടുമ്മലിലെ പി പി ചിരുതക്ക് വീട് നിർമിക്കുന്നത്. 80 കഴിഞ്ഞ ചിരുത മകൾ അനിതയോടൊപ്പമാണ് കഴിയുന്നത്.
പറക്കമുറ്റാത്ത രണ്ടു പേര മക്കളുൾപ്പെടുന്ന നാലാംഗ കുടുംബത്തിന് വീടെന്ന് പറയാൻ ഓടിന് മുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീടാണ്. ഏതുനിമിഷവും നിലം പതിക്കാറായ വീട്ടിൽ ഇവർ ഭീതിയോടെയാണ് ദിവസങ്ങൾ തളളിനീക്കുന്നത്.
മഴയൊന്നമർന്നു പെയ്താൽ വെളളം കയറുന്ന ഒരു കൂരയിൽ കഴിയുന്ന ചിരുതക്കും കുടുംബത്തിനും വീടെന്നത് സ്വപ്നം മാത്രമായിരുന്നു. നാട്ടുകാരുടെ ശ്രമത്തിൽ നിലവിലുളള നാലു സെന്റ് ഭൂമിയിൽ വീട് വയ്ക്കാൻ പലതരത്തിലും ഇടപെട്ടെങ്കിലും സാങ്കേതികതയുടെ പേരിൽ തടസപ്പെട്ടു. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ വീട് നിർമിച്ചു കൊടുക്കാൻ വിപുലമായൊരു സംഘാടക സമിതി രൂപീകരിച്ചു.
കേവലം 20 അടി മാത്രം വീതിയുള്ള ഭൂമിൽ കൊള്ളാവുന്ന തരത്തിൽ ഒരു പ്ലാൻ തയ്യാറാക്കി ആറു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിനു സുമനസ്സുകളിൽനിന്ന് ഒരു ലക്ഷത്തോളം വാഗ്‌ദാനം ലഭിച്ചു.
സാമ്പത്തികമായോ സാമഗ്രികൾ ആയോ തൊഴിൽ ദിനങ്ങൾ, അതുമല്ലെങ്കിൽ നമ്മുടെ സുഹൃദ് വലയത്തിലുളളവരെയെങ്കിലും പങ്കാളികളാക്കി ചിരുതേട്ടിക്ക് തണലൊരുക്കാനാണ് ശ്രമം.









0 comments