സംസ്ഥാന ജൂനിയർ ഫുട്‌ബോൾ മലപ്പുറം ചാമ്പ്യന്മാർ

തൃക്കരിപ്പൂർ
നടക്കാവ് സിന്തറ്റിക്ക് മൈതാനിയിൽ നടന്ന സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കളായി. ഫൈനലിൽ ടൈബ്രേക്കറിൽ കോഴിക്കോടിനെയാണ് തകർത്തത്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചതിനെത്തുടർന്നാണ് ടൈബ്രേക്കർ വേണ്ടി വന്നത്.
ജേതാക്കൾക്ക് മന്ത്രി ഇ ചന്ദ്രശേഖരൻ ടോഫികൾ വിതരണം ചെയ്തു. കെഎഫ്എ സെക്രട്ടറി പി അനിൽകുമാർ വ്യക്തിഗത ട്രോഫികൾ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം ടി പി അബ്ദുൾ ഖാദർ അധ്യക്ഷനായി. ടി കെ എം മുഹമ്മദ് റഫീഫ്, കെ വീരമണി എന്നിവർ സംസാരിച്ചു. എറണാകുളമാണ് ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാർ. വയനാട് നാലാമതായി.
മലപ്പുറത്തിന്റെ അക്മൽ ഷാൻ ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. മലപ്പുറത്തിന്റെ ഹാറൂൺ ദിൽഷാദ് ആണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. ടൂർണമെന്റിലെ മനോഹരമായ ഗോളിനുള്ള ട്രോഫി കാസർകോടിന്റെ എം പി അഹമ്മദ് സ്വാബിഹ് സ്വന്തമാക്കി.
കോഴിക്കോടിന്റെ അനുരാജ് ടോപ് സ്കോററും കാസർകോടിന്റെ എസ് ആഷിഷ് മികച്ച ഗോൾകീപ്പറുമായി.
കോഴിക്കോടിന്റെ വിവേക് മികച്ച ഡിഫന്ററും മലപ്പുറത്തിന്റെ ആദിൽ അമൽ മികച്ച മിഡ്ഫീൽഡറും കോഴിക്കോടിന്റെ അനന്ദു മികച്ച ഫോർവേർഡുമായി തെരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലെ അവാർഡ് പാലക്കാട് ജില്ലാ ടീമിനാണ്.









0 comments