ചെർക്കളത്തിന് യാത്രാമൊഴി

കാസർകോട്
മുൻ മന്ത്രിയും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളക്ക് കാസർകോടിന്റെ അന്ത്യാഞ്‌ജലി. വെള്ളിയാഴ്‌ച രാവിലെ മരണവിവരം അറിഞ്ഞതുമുതൽ ആയിരങ്ങളാണ് ചെർക്കളയിലെ കംസാനക്് വില്ലയിലെത്തിയത്. സാധാരണക്കാർ മുതൽ ദേശീയ നേതാക്കൾ വരെ ആദരാഞ്‌ജലിയർപ്പിക്കാനെത്തി. ആവലാതികളും ആവശ്യങ്ങളും പറഞ്ഞ് പരിഹാരം തേടി നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ദിവസവും നിരവധിയാളുകളെത്തിയിരുന്ന കംസാനക്ക് വില്ലയിൽ നാഥനൊഴിഞ്ഞതിന്റെ സങ്കടം സഹിക്കാനാകാതെ പലരും വിതുമ്പി. ജില്ലയിലെ നിരവധി സംഘടനകളുടെ സാരഥിയായിരുന്ന ചെർക്കളത്തിന്റെ നേതൃപാടവവും സംഘാടക കരുത്തും ഇവയുടെ പ്രവർത്തകർക്കും ആശ്രിതർക്കും വലിയ ആശ്വാസമായിരുന്നു. പള്ളി കമ്മിറ്റികൾ മുതൽ അനാഥാലയങ്ങൾ വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ സഹായഹസ്‌തം.
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സി എച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് എഡ്യുക്കേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ചെയര്‍മാന്‍, കാസര്‍കോട് മുസ്ലിം എഡ്യുക്കേഷണല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി, ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കള മുഹിയുദീൻ ജുമാമസ്ജിദ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ചെർക്കളം. ഇതര രാഷ്ട്രീയ, മത നേതാക്കളുമായും പ്രവർത്തകരുമായും വിശ്വാസികളുമായും നല്ല സൗഹൃദം വച്ചുപുലർത്തിയിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംപിമാരായ പി കരുണാകരൻ, പി കെ ശ്രീമതി, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, എംഎൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ, പി വി അബ്‌്ദുൾ റസാഖ്, എൻ എ നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ, സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, മുൻ മന്ത്രി സി ടി അഹമ്മദലി, എ പി അബൂബക്കർ മുസ്ല്യാർ, ഹക്കീം കുന്നിൽ, എം സി ഖമറുദീൻ, എ അബ്ദുൾ റഹ്‌മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, കെ ശ്രീകാന്ത്, പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് എന്നിവർ ആദരാഞ്‌ജലിയർപ്പിച്ചു. വൈകിട്ട് നടന്ന മയ്യത്ത് നമസ്‌കാരത്തിന് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ചെർക്കള മുഹ്‌യുദീൻ ജുമാമസ്‌ജിദിൽ കബറടക്കി.
ചെർക്കളയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. എം സി ഖമറുദ്ദീൻ അധ്യക്ഷനായി. എം വി ബാലകൃഷ്‌ണൻ, സി എച്ച് കുഞ്ഞമ്പു, സി പി ചെറിയ മുഹമ്മദ്, പി ഗംഗാധരൻ, ഹക്കീം കുന്നിൽ, ടി കൃഷ്‌ണൻ, എംഎൽഎമാരായ പി ബി അബ്ദുൾ റസാഖ്, എൻ എ നെല്ലിക്കുന്ന്, വി കെ രമേശൻ, സി എം എ ജലീൽ, ടി എ ഷാഫി എന്നിവർ സംസാരിച്ചു. എ അബ്ദുൾ റഹ്‌മാൻ സ്വാഗതം പറഞ്ഞു.









0 comments