ആശുപത്രിയായി ഉയർത്തണം; കിടത്തിച്ചികിത്സ വേണം

ബേഡകം
ബീംബുങ്കാലിലെ ബേഡഡുക്ക ഗവ. ആയുർവേദ ഡിസ്‌പെൻസറി ആശുപത്രിയായി ഉയർത്തണമെന്നും കിടത്തി ചികിത്സ തുടങ്ങണമെന്നുമുള്ള ആവശ്യം ശക്തം. നിലവിൽ ഡിസ്‌പെൻസറി ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കൂടിയാണ്. എൻഎബിഎച്ച് അംഗീകാരത്തിനുള്ള നടപടി പുരോഗമിക്കുന്നു. ഡിസ്‌പെൻസറിക്ക് പുതിയ യോഗ ഹാൾ കെട്ടിടം നിർമിക്കാനുള്ള ടെൻഡർ നടപടി തുടങ്ങി. ഡിസ്‌പെൻസറി നേതൃത്വത്തിൽ കുണ്ടംകുഴി സംസ്കാരിക നിലയം, ബീംബുങ്കാൽ എ കെ ജി വായനശാല എന്നിവിടങ്ങളിലായി 200 ഓളം പേർക്ക് യോഗ പരിശീലനം നടക്കുന്നു.
20 വർഷം മുമ്പ് ബീംബുങ്കാലിൽ പ്രവർത്തനം തുടങ്ങിയ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്നുണ്ട്. അടിസ്ഥാന സൗകര്യവും മരുന്നും ഉണ്ടെങ്കിൽ പോലും കിടത്തി ചികിത്സ ഇല്ലാത്തത് വയോജനങ്ങളെ ഉൾപ്പെടെ പ്രയാസത്തിലാക്കുന്നു. ഡിസ്‌പെൻസറി അപ്ഗ്രേഡ് ചെയ്യാനുള്ള നിർദേശം പരിഗണിക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഡിസ്‌പെൻസറി പരിസരത്ത് ഔഷധ സസ്യ തോട്ടം പച്ചതുരുത്തുണ്ട്. ഹരിതകേരളം മിഷനിൽ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പച്ചതുരുത്തിന്റെ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിലാണ് നടന്നത്. ആയുർവേദ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന അനേകം ഔഷധ ചെടികൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പദ്ധതിയിൽ നടപ്പാത, മുളവേലി, ചുറ്റുമതിൽ, മാവിൻ തറ എന്നിങ്ങനെ ഡിസ്‌പെൻസറിയുടെ കവാടം മുതൽ ഭംഗി കൂട്ടി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസ്‌പെൻസറിയുടെ അറ്റകുറ്റപണിയും ചെയ്തു. ആയിരത്തോളം കോവിഡ് രോഗികൾ ചികിത്സ തേടിയ ഡിസ്‌പെൻസറിയിൽ പോസ്റ്റ് കോവിഡ് ചികിത്സയും ഫലപ്രദമായി നടക്കുന്നു. ഗതാഗത സൗകര്യം, ഭൂമി എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഡിസ്‌പെൻസറിയെ 10 കിടക്കകളുള്ള കിടത്തി ചികിത്സാ ആശുപത്രിയായി ഉയർത്തണമെന്നാണ് ആവശ്യം.









0 comments