വടക്കിന് വേണം കൂടുതൽ ട്രെയിൻ

കാസർകോട്
മംഗളൂരുവിനെ ആശ്രയിക്കുന്ന ജില്ലയുടെ വടക്കൻ മേഖലയ്ക്ക് അവിടെയെത്താനുള്ള ട്രെയിൻ സൗകര്യം പരിമിതം. മംഗളൂരു സെൻട്രലിൽ നിന്ന് കാസർകോട് വരെയുള്ള തൊക്കോട്ട്, ഉള്ളാൾ, മഞ്ചേശ്വരം, ഉപ്പള, കുമ്പള റെയിൽവേ സ്റ്റേഷനുകളാണ് വികസന പിന്നോക്കാവസ്ഥയിൽ കഴിയുന്നത്.
രണ്ട് മണിക്കൂർ ഇടവേളകളിലെങ്കിലും പാസഞ്ചർ ട്രെയിനുകളോ മെനു ട്രെയിനുകളോ ഈ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തിയാൽ വിരലിലെണ്ണാവുന്ന ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള സ്റ്റേഷനുകൾ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും.
കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജുകളിലെത്താൻ മലയാളികൾ ആശ്രയിച്ചിരുന്ന കർണാടകയിലെ തൊക്കോട്ട് സ്റ്റേഷൻ റെയിൽവേയുടെ ചിത്രത്തിലുമില്ല.
കേരളത്തിന്റെ അതിർത്തിയിലുള്ള മഞ്ചേശ്വരത്ത് കാസർകോടേക്കുള്ള ഏഴ് ട്രെയിനുകളാണ് നിർത്തുന്നത്. രാവിലെ 9.30 കഴിഞ്ഞാൽ പകൽ 2.30നാണ് അടുത്ത ട്രെയിൻ. വൈകീട്ട് 6.41ന് അവസാനത്തെ ട്രെയിൻ പോയാൽ പിന്നീട് രാവിലെ 5.30 ആകണം. മംഗളൂരു ഭാഗത്തേക്ക് രാവിലെ 10 കഴിഞ്ഞാൽ വൈകീട്ട് 4.10 നേ ട്രെയിനുള്ളൂ. 6.10 കഴിഞ്ഞാൽ പിറ്റേന്ന് രാവിലെ 7.25 നാണ് അടുത്ത ട്രെയിൻ.
ഉപ്പളയിൽ നിർത്തുന്നത് ആകെ നാല് ട്രെയിൻ. മംഗളൂരു ഭാഗത്തേക്ക് രാവിലെ 9.50 കഴിഞ്ഞാൽ പിന്നീട് വൈകീട്ട് 5.20നാണ്. കാസർകോട് ഭാഗത്തേക്കാകട്ടെ രാവിലെ 9.35 കഴിഞ്ഞാൽ അടുത്ത ട്രെയിന് വൈകീട്ട് 5.38 ആകണം.
ഏഴ് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള കുമ്പളയിലാകട്ടെ രാവിലെ 9.50 കഴിഞ്ഞാൽ പിന്നീട് പകൽ 2.50വരെ കാത്തിരിക്കണം. രാത്രി ഏഴ് കഴിഞ്ഞാലാകട്ടെ രാവിലെ 5.50നേ ട്രെയിനുള്ളൂ. മംഗളൂരു ഭാഗത്തേക്ക് രാവിലെ 10.10 കഴിഞ്ഞാൽ വൈകീട്ട് 3.55 ആകണം. അവസാനത്തെ ട്രെയിൻ ആറിനാണ്. മംഗളൂരു സെൻട്രലിൽ നിന്ന് തൊക്കോട് അഞ്ച്, ഉള്ളാൾ എട്ട്, മഞ്ചേശ്വരം 16, ഉപ്പള 23, കുമ്പള 33, കാസർകോട് 45 കിലോ മീറ്ററാണ് ദൈർഘ്യം.









0 comments