ആശുപത്രിയിൽ ഇനി 99 പേർ ഒടുവിൽ മരണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 11:54 PM | 0 min read

കാസർകോട്‌ 
കഴിഞ്ഞ ചൊവ്വ പുലർച്ചെ നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ  പരിക്കേറ്റ്‌ ചികിത്സയിലുള്ളവരിൽ ഒരാൾ മരിച്ചു. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട്‌ കിനാനൂർ റോഡിലെ ഓട്ടോഡ്രൈവർ  സി സന്ദീപാ (38)  ണ് മരിച്ചത്. നിലവിൽ 12 ആശുപത്രിയിലായി 32 പേർ ഐസിയുവിലും നാല്‌ പേർ വെന്റിലേറ്റിലുമാണ്‌.
കണ്ണൂർ മിംസിലുള്ള അഞ്ചുപേരും കോഴിക്കോട്‌ മിംസിലുള്ള അഞ്ചുപേരും മംഗളൂരു എജെ ആശുപത്രിയിലുള്ള നാലുപേരും ഇപ്പോഴും ഗുരുതര നിലയിൽ തുടരുകയാണ്‌.
ആശുപത്രിയിൽനിന്നും ഡിസ്‌ചാർജാകുന്നവരുടെ ബില്ല്‌ സംസ്ഥാന സർക്കാരാണ്‌ അടക്കുന്നത്‌. ആശുപത്രിക്കാർ ബില്ലും അനുബന്ധരേഖകളും എഡിഎം ഓഫീസിലേക്ക്‌ ഇമെയിൽ ചെയ്‌താൽ, കലക്ടറേറ്റിൽ നിന്നും ഫണ്ട്‌ അനുവദിക്കും. രോഗികൾക്ക്‌ പരാതിയുണ്ടെങ്കിൽ കലക്ടറെ നേരിട്ട്‌ അറിയിക്കാം. 
 
ആശുപത്രിയിലുള്ളവരുടെ എണ്ണം
മംഗളൂരു എ ജെ ആശുപത്രി  29, കണ്ണൂർ ആസ്‌റ്റർ മിംസ്‌ 26, കാഞ്ഞങ്ങാട്‌ ഐഷാൽ ആശുപത്രി 14, കണ്ണൂർ ബേബി മെമ്മോറിയൽ 6, കാഞ്ഞങ്ങാട്‌ സഞ്ജീവനി ആശുപത്രി  6, കോഴിക്കോട്‌ മിംസ്‌  6, കാഞ്ഞങ്ങാട്‌ സൺറൈസ്‌ 3, കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ 2, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി 1, മംഗളൂരു കെഎസ്‌ ഹെഗ്‌ഡേ 1, കാഞ്ഞങ്ങാട്‌ ദീപ  1, മംഗളൂരു ഫാദർ മുള്ളേഴ്‌സ്‌ 1
 
എഡിഎം റിപ്പോർട്ട്‌ വൈകും
കാസർകോട്‌
നീലേശ്വരം വെടിക്കെട്ട്‌ അപകടത്തിന്റെ എഡിഎം റിപ്പോർട്ട്‌ കലക്ടർക്ക്‌ സമർപ്പിക്കുന്നത്‌ വൈകും. നാലുദിവസം ഇനിയും വേണ്ടിവരുമെന്ന്‌ എഡിഎം പി അഖിൽ പറഞ്ഞു.
സ്‌ഫോടന നിയമം സെക്‌ഷൻ ഒമ്പതുപ്രകാരമുള്ള കുറച്ച്‌ കാര്യങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഇതിനായി കൂടുതൽ പേരുടെ മൊഴികൂടി എടുക്കണം. സ്‌ഫോടനത്തിന്റെ രീതി, പൊട്ടിച്ച അകലം തുടങ്ങിയ ഒരുപാട്‌ കാര്യങ്ങൾ സെക്‌ഷൻ ഒമ്പതുപ്രകാരം വേണ്ടിവരും. അതിനാലാണ്‌ കൂടുതൽ സമയമെടുക്കുന്നത്‌.
അപകടമുണ്ടായത്‌, ഉത്സവ സംഘാടകരുടെ കടുത്ത അശ്രദ്ധമൂലമാണെന്ന്‌ പരാതി ഉയർന്നിരുന്നു. അപകടത്തിൽ ഒരാൾ ശനിയാഴ്‌ച മരിച്ചതോടെ ഇതിനനുസരിച്ച്‌ റിപ്പോർട്ടിൽ ആവശ്യമായ നടപടികളും വേണ്ടിവരും.  മനപൂർവമുള്ള നരഹത്യ നിലനിൽക്കില്ലെന്ന വാദമുയർത്തി, പ്രതികൾക്ക്‌ കോടതിയിൽ നിന്നും ഉടൻ ജാമ്യം കിട്ടിയിരുന്നു. ഒമ്പതുപേർക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌.
 
നഷ്ടമായത് 
കുടുംബത്തിന്റെ അത്താണി
സ്വന്തം ലേഖകൻ
നീലേശ്വരം
സന്ദീപിന്റെ മരണത്തോടെ നഷ്ടമായത്‌ കുടുംബത്തിന്റെ അത്താണി. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌  ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ്‌ ശനി രാത്രിയോടെ ചോയ്യങ്കോട്‌ കിനാനൂർ റോഡിലെ ഓട്ടോഡ്രൈവർ സി സന്ദീപ്‌ മരിച്ചത്‌.  
ഒക്‌ടോബർ 28ന്‌ അർധരാത്രിയാണ്‌  അഞ്ഞൂറ്റമ്പലം ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായുണ്ടായ വെടിക്കെട്ടിനിടെ സന്ദീപിന്  പൊള്ളലേറ്റത്. അഞ്ച്‌  ദിവസമായി  കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.   കൂട്ടുകാരായ ബിജു, രജിത്, രതീഷ് എന്നിവരോടൊപ്പമാണ് സന്ദീപ് കളിയാട്ടം കാണാൻ പോയത്‌.   പ്ലസ് ടു പഠന ശേഷം വീട്ടിലെ പ്രാരബ്ദം കാരണം സ്വകാര്യ ബസിലെ കണ്ടക്ടർ ജോലി ചെയ്തിരുന്നു.  പിന്നീടാണ്‌ സ്വന്തമായി ഓട്ടോ വാങ്ങിയത്‌.
 
 
 
 


deshabhimani section

Related News

View More
0 comments
Sort by

Home