തിന്നാനുള്ളതാണ്‌ സർ...കൊല്ലല്ലേ!

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 10:10 PM | 0 min read

പെരിയ
കേരള കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു. ഹോസ്റ്റലിൽ രാത്രി വിതരണം ചെയ്ത കഞ്ഞിയിലാണ്‌ പുഴുവിനെ കണ്ടത്‌. ബുധനാഴ്‌ച വിതരണം ചെയ്ത ചിക്കൻ ഫ്രൈയിലും പുഴുവിനെ കണ്ടിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. മോശം ഭക്ഷണം വിതരണം ചെയ്‌തതിൽ  പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ  നേതൃത്വത്തിൽ വ്യാഴം രാത്രി അധികൃതരുടെ കോലം കത്തിച്ച്‌ പ്രതിഷേധിച്ചു. വെള്ളിയാഴ്‌ചയും പ്രതിഷേധം തുടർന്നു. 
സർവകലാശാല അധികൃതർ ഏർപ്പാടാക്കിയവരാണ്‌ വനിതാ ഹോസ്റ്റൽ കാന്റീൻ നടത്തുന്നത്‌. ഇവർ സർവകലാശാല ഭരിക്കുന്ന ചിലരുടെ ബിനാമിയാണ്‌ എന്നും ആക്ഷേപമുണ്ട്‌. നിരന്തരം പരാതിയുയർന്നിട്ടും കാന്റീൻ നടത്തിപ്പുകാർക്കെതിരെ നടപടിയില്ലാത്തത്‌ അതുകൊണ്ടാണെന്നാണ്‌ വിദ്യാർഥികൾ പറയുന്നത്‌. 
ഒരു മാസമായി വനിതാ ഹോസ്റ്റലിൽ പഴകിയ ഭക്ഷണമാണ്‌ വിതരണം ചെയ്യുന്നതെന്നും നടത്തിപ്പുകാരിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ എസ്‌എഫ്‌ഐ വെള്ളിയാഴ്‌ച സമരം തുടർന്നത്‌. നേരത്തെ, വൈസ്‌ചാൻസലർ വിൻസെന്റ്‌ മാത്യുവിനും ഡീൻ രാജേന്ദ്രൻ പിലാങ്കട്ടക്കും പരാതിയും നൽകിയിരുന്നു. ഇതേ തുടർന്ന്‌ അസിസ്റ്റന്റ്‌ ഡീൻ ഡോ. പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗത്തെ അന്വേഷണ കമ്മിറ്റിയായും നിയോഗിച്ചിട്ടുണ്ട്‌. ഇതിനിടയിലാണ്‌  വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്‌തത്‌. 
വെള്ളിയാഴ്‌ച നടന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശന പരിപാടി എസ്‌എഫ്‌ഐ ഉപരോധിച്ചു. തുടർന്ന്‌ നടന്ന യോഗത്തിൽ കാന്റീൻ നടത്തിപ്പുകാരിയെ താൽക്കാലികമായി മാറ്റിനിർത്താനും അന്വേഷണ കമ്മിറ്റിയിൽ രണ്ട്‌ വിദ്യാർഥി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു. 
 


deshabhimani section

Related News

View More
0 comments
Sort by

Home