ചട്ടഞ്ചാൽ ലൈഫ്‌ ഫ്ലാറ്റ്‌ 
15നകം റെഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 10:49 PM | 0 min read

കാസർകോട്‌
ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാലിൽ നിർമാണം പുരോഗമിക്കുന്ന ലൈഫ് ഭവന സമുച്ചയം ഒക്ടോബർ 15നകം പൂർത്തീകരിക്കും. കഴിഞ്ഞ മാസത്തെ ജില്ലാ വികസന സമിതി യോഗ തീരുമാനത്തിന്റെ ഭാഗമായി കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ലൈഫ് ഭവന സമുച്ചയം നിർമാണ പുരോഗതി അവലോകന യോഗത്തിലാണ് തീരുമാനം. 
 സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനം 85 ശതമാനം പൂർത്തിയായി. ഇലക്ട്രിക്കൽ, ഫ്ളോർ പ്രവൃത്തികളാണ്  പൂർത്തിയാകാനുള്ളത്. സെപ്തംബർ 20 ഓടെ പെയിന്റിങ്‌  പൂർത്തിയാകും.  കുടിവെള്ള സൗകര്യം ഒക്ടോബർ 15നകം ഒരുക്കണമെന്ന് യോഗത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർദ്ദേശിച്ചു.  സമുച്ചയത്തിൽ ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി കേരള ജല അതോറിറ്റിയാണ് കുടിവെള്ള സൗകര്യം ഒരുക്കേണ്ടത്. സാങ്കേതിക തടസ്സങ്ങളാൽ പ്രവർത്തനം വൈകുന്നത് ഒഴിവാക്കുന്നതിന് പകരം മാർഗം കണ്ടെത്തി അതിന്റെ ചെലവ് കണക്കാക്കാൻ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി. നവ കേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ എം വത്സൻ, കെട്ടിടം നിർമിക്കുന്ന ഹൈദരാബാദിലെ  പെന്നാർ കമ്പനി പ്രോജക്ട് മാനേജർ എ ദീപക്, ജല അതോറിറ്റി എൻജിനീയർമാരായ എ വി പ്രകാശൻ, എം പ്രകാശൻ, ലൈഫ് മിഷൻ എൻജിനീയർ ഇ ഷാനവാസ് എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home