വനിതാ മതില്‍ വിജയിപ്പിക്കുക: കെസിഇയു

പിലാത്തറ
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കാൻ കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ‌്തു. ഇന്നത്തെ എല്ലാ സാമൂഹിക പുരോഗതിക്കും അടിത്തറ പാകിയത് നവോത്ഥാന മുന്നേറ്റങ്ങളാണ‌്. തീക്ഷ‌്ണമായ പോരാട്ടങ്ങളിലൂടെയാണ് ഇത്തരം അവകാശങ്ങൾ നേടാനായത്. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീംകോടതി വിധിക്കുശേഷം സംഘപരിവാർ സംഘടനകൾ അതിനെതിരെ രംഗത്തുവരികയും നാടുനീളെ അക്രമം അഴിച്ചുവിടുകയുമാണ്. പഴയ ചാതുർവർണ്യ വ്യവസ്ഥകളിലേക്ക‌് കൊണ്ടുപോകാനാണ‌് ഇത്തരക്കാരുടെ ശ്രമം. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന‌് സമ്മേളനം ആഹ്വാനം ചെയ‌്തു.
സമ്മേളനത്തിൽ പൊതു ചർച്ച തിങ്കളാഴ‌്ചയും തുടർന്നു. യാത്രയയപ്പ് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എസ് ടി ജയ്സൺ അധ്യക്ഷനായി. പി മുകുന്ദൻ, പി കെ വിജയൻ, പി പ്രേമജൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെന്റ് ഒ വി നാരായണൻ പി പി ദാമോദരന് നൽകി പ്രകാശനം ചെയ്തു. കെ ഷൈജു, കെ വി വിശ്വനാഥൻ, കെ വി ഭാസ്കരൻ, പി ജാനകി, കെ പി രാജൻ, പി പി ദാമോദരൻ, കെ പത്മനാഭൻ, സി എം വേണുഗോപാലൻ, ഐ വി ശിവരാമൻ, വി വിനോദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി ഗോവിന്ദൻ നന്ദി പറഞ്ഞു.
ആദായനികുതി വകുപ്പ് സംഘങ്ങള്‍ക്കെതിരെ നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമായി നടത്തുന്ന പ്രവര്‍ത്തനം നിയമപരമായി നിയന്ത്രിക്കുക, കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍നിന്ന‌് ലഭിക്കാനുള്ള നാലുശതമാനം പലിശ സബ‌്സിഡി അനുവദിക്കുക, വനിതാ സഹകരണ സംഘങ്ങള്‍ക്ക് ക്ലാസിഫിക്കേഷനും സ്റ്റാഫ് പാറ്റേണും അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.









0 comments