തലശേരി തീരത്ത് കടലാക്രമണം രൂക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2018, 06:11 PM | 0 min read

തലശേരി
കനത്ത മഴക്കൊപ്പം തലശേരി തീരത്ത് കടലാക്രമണവും രൂക്ഷമായി തുടരുന്നു. മാക്കൂട്ടംമുതൽ പെട്ടിപ്പാലംവരെയും ചാലിൽ ഇന്ദിരപാർക്കുമുതൽ ബദർപള്ളിവരെയുമാണ് കടൽക്ഷോഭം ശക്തം. പെട്ടിപ്പാലം കോളനിയിലെ വീടുകളിലേക്ക് വെള്ളം അടിച്ചുകയറി. പെട്ടിപ്പാലത്തെ മുഹമ്മദിന്റെ വീടിന് കേടുപറ്റി. മുംതാസിന്റെ വീടിന്റെ ജനാല പൊട്ടിവീണു. പെട്ടിപ്പാലത്ത് വീടിനുള്ളിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് കോളനിവാസികൾ പറഞ്ഞു. കാലവർഷത്തിനൊപ്പം കടൽക്ഷോഭവുമായതോടെ വറുതിയുടെ പിടിയിലാണ് തീരദേശം.
പുലിമുട്ട് പണിതിട്ടും രക്ഷയില്ലാത്ത സ്ഥിതിയിലാണ് ചാലിൽ പ്രദേശം. ഇവിടെ കടലിൽ രണ്ട് പുലിമുട്ടുണ്ടെങ്കിലും കടലേറ്റത്തിന് ഒരു കുറവുമില്ല. ഇന്ദിര പാർക്കിന് മുന്നിലെ കടൽഭിത്തി ഭാഗികമായി തകർന്നു. കടലെടുത്തേക്കുമെന്ന ഭീതിയിലാണ് പാർക്കും പരിസരവും.  രണ്ടുവർഷംമുമ്പ് പാർക്കിലെ മരംകടപുഴകി വീണിരുന്നു. ചാലിൽ ബദർപള്ളിക്ക് സമീപത്തേക്കടക്കം കടൽ അടിച്ചുകയറി. ഇവിടെയും കടൽഭിത്തി തകർന്നു.   രാവിലെ ഒമ്പതുമുതൽ പകൽ മൂന്നുവരെയാണ് കടലാക്രമണം രൂക്ഷമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.  
പെട്ടിപ്പാലത്ത് കടൽഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് കയറുന്നത്. കടൽഭിത്തിയോട് തൊട്ടാണ് ഇവിടെ കുടിലുകളും ഫ്ളാറ്റുകളും. ഫ്ളാറ്റുള്ള ഭാഗത്താണ് കടലാക്രമണം ശക്തം. കോളനിയുടെ തെക്കുഭാഗത്തെ വീടുകളിലും വെള്ളംകയറി. വസ്ത്രങ്ങളടക്കം ഉപയോഗിക്കാനാവാത്ത നിലയിലാണ്. മാക്കൂട്ടം ലിമിറ്റിൽ തീരദേശ പൊലീസ് സ്റ്റേഷന് പിന്നിലും കടലാക്രമണമുണ്ട്. മാക്കൂട്ടം ശ്മശാനത്തിന് സമീപത്തെ ബാവയുടെ വീടിന് പിന്നിലും കടൽഭിത്തി തകർന്നിട്ടുണ്ട്. കടൽകയറിയേക്കുമെന്ന ഭീതിയിലാണ് വീട്ടുകാർ . തഹസിൽദാർ ടി വി രഞ്ജിത്ത്, വില്ലേജ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ, കൗൺസിലർ പി പിഅനില തുടങ്ങിയവർ കടലേറ്റമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home