Deshabhimani

വളപട്ടണം കവർച്ച: വീട്ടിൽ കയറിയത്‌ ഒരാൾ, 2 തവണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:45 PM | 0 min read

കണ്ണൂർ> വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി കെ പി അഷ്റഫിന്റെ വീട്‌ കുത്തിത്തുറന്ന്‌ ഒരുകോടി രൂപയും 300 പവനും കവർന്നത് ഒരാൾ തനിച്ചാകാമെന്ന്‌ പൊലീസ് നിഗമനം. വീടിനെയും വീട്ടുകാരെയുംകുറിച്ച്‌ ലഭിച്ച വ്യക്തമായ ധാരണയോടെ  തനിച്ച് നടത്തിയ ആസൂത്രിത കവർച്ചയാണിതെന്നാണ്‌ പ്രത്യേക അന്വേഷകസംഘം കരുതുന്നത്‌. പുറമെനിന്ന്‌ സഹായം ലഭിച്ചിട്ടുണ്ടാകുമെങ്കിലും വീട്ടിൽ കടന്നത്‌ ഒരാൾമാത്രമാണന്നാണ്‌ സാഹചര്യത്തെളിവുകൾവച്ച്‌ അനുമാനിക്കുന്നത്‌.  
 
വീട്ടിൽക്കയറിയ മോഷ്ടാവ് വീണ്ടുമൊരുദിവസംകൂടി മോഷണമുതൽ എടുക്കാനോ തെളിവ്‌  നശിപ്പിക്കാനോ എത്തി. മോഷ്ടാവിനെ തിരിച്ചറിയാവുന്ന എന്തെങ്കിലും വീട്ടിൽ മറന്നുവച്ചത്‌ തിരിച്ചെടുക്കാനെത്തിയതാകാമെന്നും സംശയിക്കുന്നുണ്ട്‌. മോഷ്ടാവിന്റേതുൾപ്പെടെ വീട്ടിൽനിന്ന്‌ 16 വിരലടയാളങ്ങളാണ്‌ ലഭിച്ചത്‌. മറ്റു സംസ്ഥാനങ്ങളിലേതുൾപ്പെടെ സ്ഥിരംമോഷ്ടാക്കളുടെ വിരലടയാളങ്ങളുമായി ഇത് ഒത്തുനോക്കുകയാണ്‌. വീട്ടിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽനിന്ന്‌ മോഷ്ടാവിന്റെ ശരീരഭാഷ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ നിരീക്ഷണ കാമറകളിലെയും, മോഷ്ടാക്കൾ രക്ഷപ്പെടാൻ സാധ്യതയുള്ള ഭാഗങ്ങളിലെ കാമറകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്‌.
 
സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും മോഷ്ടാക്കളെയും പരോളിൽ ഇറങ്ങിയവരെയും ശിക്ഷാകാലാവധി പൂർത്തിയാക്കി ഇറങ്ങിയവരെയും കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്‌. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള ഫോൺ കോളുകളും സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നു. കണ്ണൂർ നഗരത്തിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിൽ താമസിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രത്യേക അന്വേഷകസംഘം യോഗം ചേർന്ന് കേസ്‌ പുരോഗതി വിലയിരുത്തി.
 

 



deshabhimani section

Related News

0 comments
Sort by

Home