നാടിന്റെ മിത്രം

കണ്ണൂർ
ചിറക്കലുകാർക്ക് മോളി നാടറിയുന്ന ജനപ്രതിനിധിയാണ്. നാടിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന പഞ്ചായത്തംഗം. എന്നാൽ വർഷങ്ങളായി കുറേ വനിതകൾക്ക് തൊഴിൽ നൽകുന്ന സംരംഭകകൂടിയാണ് ടി കെ മോളി. ‘മിത്ര’ എന്ന വസ്‌ത്ര സംരംഭം 20 വർഷമായി മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോവുകയാണ്. കോടിയേരി സ്വദേശിനിയായ മോളി, ഇ ശേഖരനെ വിവാഹം കഴിച്ചതോടെയാണ് ചിറക്കലുകാരിയായത്. 15 വർഷത്തിലധികമായി പൊതുപ്രവർത്തനരംഗത്തുള്ള മോളിക്ക് സംരംഭം തുടങ്ങാൻ കരുത്തായത് കുടുംബശ്രീയിലൂടെ ലഭിച്ച നേതൃപരിചയം. ഭർത്താവ് പ്രവാസജീവിതമുപേക്ഷിച്ചതോടെ വരുമാനമെന്ന നിലയിലാണ് വസ്‌ത്രനിർമാണ സംരംഭം തുടങ്ങിയത്. സ്‌ത്രീകൾക്കായുള്ള നൈറ്റി തയ്‌ച്ച് വിൽക്കുന്ന കട തുടങ്ങിയെങ്കിലും കോവിഡ് കാലത്ത്‌പ്രവർത്തനം നിർത്തി.
പിന്നീട് റെഡിമെയ്‌ഡ് കടകളിൽനിന്ന് നൈറ്റി തയ്‌ക്കാൻ ഓർഡർ സ്വീകരിച്ച് തുടങ്ങി. പ്രദേശത്തെ വീട്ടമ്മമാർക്ക് നൈറ്റി തയ്‌ക്കുന്ന ജോലി വീതിച്ചുനൽകിയപ്പോൾ വീട്ടിലിരുന്ന് വരുമാനം നേടാനുള്ള സംരംഭമായി മാറി. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലെല്ലാം ഓർഡർ സ്വീകരിച്ച് തയ്‌ച്ചു നൽകും. കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കാറുള്ള ജില്ലാ പഞ്ചായത്ത് സംരംഭകത്വ മേളകളിൽ 15 വർഷമായി സ്ഥിരം സാന്നിധ്യമാണ് മോളിയുടെ ‘മിത്ര’.
ചിറക്കൽ പഞ്ചായത്ത് വികസന സ്‌റ്റാൻഡിങ് കമ്മിറ്റിയംഗമായതിന്റെ തിരക്കുകൾ കാരണം ചില മേളകളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നിട്ടുണ്ട്. പതിനാറാം വാർഡംഗമായ മോളി സിപിഐ എം ചിറക്കൽ ഈസ്‌റ്റ് ലോക്കൽ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ചിറക്കൽ വില്ലേജ് പ്രസിഡന്റുമാണ്. മക്കൾ മിത്ര, നിവിൻ എന്നിവർ വിദ്യാർഥികൾ.









0 comments