കഥയെ തൊട്ടും 
കഥാകാരനെ അറിഞ്ഞും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 01:29 AM | 0 min read

 ന്യൂമാഹി 

അമ്പതാണ്ട്‌ മുമ്പ്‌ പിറവിയെടുത്ത നോവലിലെ കഥയും കഥാപാത്രങ്ങളും കഥാകാരന്റെ വാക്കുകളിലൂടെ ഒരിക്കൽകൂടി ആസ്വാദക മനസ്‌ തൊട്ടു. നോവലിസ്‌റ്റ്‌ എം മുകുന്ദനെ കേട്ടും കഥയുടെ വഴിതേടിയും ആ സർഗപ്രപഞ്ചത്തെ ഹൃദയത്തോട്‌ ചേർക്കുകയായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ സ്‌നേഹാക്ഷരങ്ങളിലൂടെ അവർ നടന്നത്‌ ദാസനിലേക്കും ചന്ദ്രികയിലേക്കും വെള്ളിയാങ്കല്ലിലേക്കുമാണ്‌. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയാണ്‌  മുകുന്ദനുമായുള്ള മു‌ഖാമുഖത്തിന്‌ കലാഗ്രാമത്തിൽ വേദിയൊരുക്കിയത്‌. 
  ദാസനെ എന്തുകൊണ്ടാണ്‌ കമ്യൂണിസ്‌റ്റായി ചിത്രീകരിച്ചത്‌? മുഖാമുഖത്തിൽ വിദ്യാർഥികളായ ഹരികൃഷ്‌ണയുടെയും  സാന്ദ്രയുടെയും ചോദ്യം. 
‘‘ചിന്തിക്കുന്ന യുവാക്കളെല്ലാം അക്കാലത്ത്‌ ആഗ്രഹിച്ചത്‌ കമ്യൂണിസ്‌റ്റുകാരാവുക എന്നായിരുന്നു. നാടിന്റെ മോചന സ്വപ്‌നവുമായി ദാസനും കമ്യൂണിസ്‌റ്റായി. പൂർണമായില്ലെങ്കിലും  ദാസൻ ഒരു പരിധിവരെ താൻ തന്നെയാണ്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുടെകൂടെ നടക്കുന്ന ആളാണ്‌ താനും’’. നോവലിലെ ചിലഭാഗങ്ങളിൽ അന്ധവിശ്വാസമില്ലേ? കരിവെള്ളൂരിലെ അയ മുഹമ്മദ്‌, മയ്യിൽ സ്‌കൂളിലെ ഗായത്രി എന്നിവരുടെ  സംശയം. 
നവോത്ഥാന ആശയങ്ങൾ, യുക്തിചിന്ത, ആധുനികത.... ഇവയെല്ലാം നോവലിലുണ്ട്‌. മലയൻ ഉത്തമന്റെ കഥയിലെ ശരിതെറ്റുകൾ വായനക്കാർക്ക്‌ വിടുകയാണ്‌ ചെയ്‌തത്‌–- എം മുകുന്ദൻ പറഞ്ഞു. 
  ഡിഇഒ പി ശകുന്തള അധ്യക്ഷയായി. കവി സി എം വിനയചന്ദ്രൻ എം മുകുന്ദനെ ആദരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home