ഞങ്ങൾക്കും പഠിക്കണ്ടേ, പേടിയില്ലാതെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 01:03 AM | 0 min read

കണ്ണൂർ
പുതുമോടിയുമായി നാടെങ്ങും പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ കണ്ണൂർ ദൈവത്താർകണ്ടി ഗവ. യുപി സ്‌കൂളിലെ കുട്ടികളും അധ്യാപകരും ആശങ്കയിലാണ്‌. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഇനിയുമൊരു അധ്യയനവർഷം അവർക്ക്‌ ചിന്തിക്കാനേ കഴിയുന്നില്ല. 
കണ്ണൂർ കോർപറേഷന്റെ കെടുകാര്യസ്ഥതയുടെ നേർചിത്രമാണ് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയം. പൊതുവിദ്യാലയങ്ങൾ പശ്‌ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ മികച്ച നിലവാരത്തിലേക്ക് ഉയരുമ്പോൾ ഒന്നര നൂറ്റാണ്ട്‌ പഴക്കമുള്ള വിദ്യാലയത്തെ സംരക്ഷിക്കാൻ കോർപറേഷൻ  ഒരു നടപടിയുമെടുത്തില്ല. കണ്ണൂർ എസ്എൻ പാർക്കിന് എതിർവശത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടം കാലപ്പഴക്കത്താൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത്‌ ചോർച്ചയുമുണ്ടായി.  ഭിന്നശേഷിക്കാരായ കുട്ടികൾകൂടി പഠിക്കുന്ന സ്കൂളിൽ അവർക്കുകൂടി ഉപയോഗിക്കാനാകുന്ന ശുചിമുറികളുമില്ല. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ വർഷം ഒരു വിദ്യാർഥി ബാലാവകാശ കമീഷനെ അറിയിച്ചിരുന്നു. തുടർന്ന് നടന്ന സിറ്റിങ്ങിൽ   സ്കൂളിന്‌ സ്വന്തം കെട്ടിടം നിർമിക്കണമെന്നും അതുവരെ  തുടരാൻ കെട്ടിടത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്നും ബാലാവകാശ കമീഷൻ കോർപറേഷന് നിർദേശം നൽകി. ഏപ്രിൽ നാലിന് ഇതുസംബന്ധിച്ച് ബാലാവകാശ കമീഷൻ ഉത്തരവിറക്കിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തിയില്ല. കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും മറ്റൊരു കെട്ടിടത്തിലേക്ക് സ്കൂൾ  പ്രവർത്തനം  മാറ്റാനോ പുതിയ കെട്ടിടം നിർമിക്കാനോ കോർപറേഷൻ മുൻകൈയെടുക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. 
   അധ്യാപകർ പണം സ്വരൂപിച്ചാണ് അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾ നടത്തിയത്. 
ഭാഷാ വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ദൈവത്താർക്കണ്ടി ഗവ. യുപി സ്കൂൾ. 67 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 40 പേരും അതിഥിത്തൊഴിലാളികളുടെ മക്കളാണ്.  നഗരത്തിൽ ജോലിചെയ്യുന്ന രാജസ്ഥാൻ, ഡൽഹി, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ മക്കളാണിവർ. പുതിയ അധ്യയന വർഷത്തിൽ 14 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിലെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും സമീപത്തെ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പഠനം താൽക്കാലികമായി മാറ്റണമെന്നും കോർപറേഷൻ ഭരണാധികാരികളോട്‌ ആവശ്യപ്പെട്ടതായി കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home