Deshabhimani

പരാതികൾ പരിഹരിക്കാൻ ‘കെെത്താങ്ങും കരുതലും’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 01:07 AM | 0 min read

ഇടുക്കി
മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും’, താലൂക്ക്തല പരാതി പരിഹാര അദാലത്ത് കുറ്റമറ്റതാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ജില്ലാ ഭരണം. കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ലഭിച്ച പരാതികളിൽവകുപ്പ് തലത്തിൽ തീർപ്പാക്കേണ്ടവ ഉടൻ നടപടി വേണമെന്നും മറ്റ് വകുപ്പുകൾക്ക് കൈമാറേണ്ടവ വേഗത്തിലാക്കണമെന്നും കലക്ടർ വി വിഗ്നേശ്വരി പറഞ്ഞു. അദാലത്തിന്റെ മുന്നോടിയായി വിളിച്ച് ചേർത്ത ജില്ലാതല വകുപ്പ് മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലഭിച്ച പരാതികളുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതി കലക്ടർ ആരാഞ്ഞു. പരാതികളിന്മേൽ ചട്ടപ്പടി മറുപടി നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സൂക്ഷ്മതയോടെ പരാതികൾ പരിശോധിക്കണമെന്നും കലക്ടർ പറഞ്ഞു. അദാലത്ത് ദിവസങ്ങളിൽ അതത് വേദികളിൽ ജില്ലാതല വകുപ്പ് മേധാവികൾ നിർബന്ധമായും പങ്കെടുക്കണമെന്നും പരാതികൾ ഉൾപ്പെടെ നടപടിക്രമങ്ങളുടെ ഹാർഡ് കോപ്പി കരുതണമെന്നും അവർ പറഞ്ഞു. 
 
അദാലത്ത് 5 ദിവസം
ജില്ലയിൽ അദാലത്ത് അഞ്ച് ദിവസം നടക്കും. 20, 21,23,24 തീയതികളിലും ജനുവരി ആറിനു മാണ് ജില്ലയിൽ മന്ത്രിമാരുടെ താലൂക്ക്തല അദാലത്ത് നടത്തുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എൻ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ നടത്തുക. 20ന് ദേവികുളം ഗവ ഹൈസ്കൂൾ അടിമാലി രാവിലെ 10 മുതൽ, 21ന് പീരുമേട് -കുടുംബ സംഗമം ഓഡിറ്റോറിയം കുട്ടിക്കാനം രാവിലെ 10 മുതൽ, 23ന് ഉടുമ്പൻഞ്ചോല സെന്റ്‌ സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ നെടുങ്കണ്ടം, രാവിലെ 10 മുതൽ. പകൽ ഒന്നുമുതൽ ഇടുക്കി - പഞ്ചായത്ത് ടൗൺഹാൾ ചെറുതോണി, ജനുവരി ആറിന് തൊടുപുഴ മർച്ചന്റ്‌ ട്രസ്റ്റ് ഹാൾ രാവിലെ 10 മുതൽ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.  
പരാതി നൽകാം 
ഓൺലെെനായി
പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്‌ക് മുഖേനയും പരാതികൾ നൽകാനാവും. പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കലക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.


deshabhimani section

Related News

0 comments
Sort by

Home