Deshabhimani

40 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:16 PM | 0 min read

തൊടുപുഴ 
വിൽപ്പനയ്‍ക്കായി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ(25), ചൂരവേലിൽ റിൻഷാദ്(29) എന്നിവരെയാണ് തൊടുപുഴ എസ്‌ഐ എൻ എസ് റോയിയും സംഘവും അറസ്റ്റ്‍ചെയ്‍തത്. പ്രതികൾക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ കനാൽ ഭാഗത്ത് താമസിക്കുന്ന അനൂപ് (അപ്പു) ഓടിരക്ഷപ്പെട്ടു. സ്വകാര്യ മെഡിക്കൽ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന  പെരുമ്പിള്ളിച്ചിറ മേഖലയിൽനിന്ന് ചൊവ്വ രാവിലെ 6.30ഓടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് വിവിധ പായ്‍ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാർഥികൾക്കിടയിലും മറ്റും വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചത്.
റിൻഷാദിന്റെ പേരിൽ 2018-ൽ തമിഴ്നാട്ടിൽ സ്വർണം തട്ടിയെടുക്കൽ ഉൾപ്പെടെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അങ്കമാലിയിൽ വാഹനത്തിന് കൈ കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. നേരത്തെ നെടുങ്കണ്ടത്ത് മൂന്നുകിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ കേസിൽ പ്രതിയാണ് നൗഫൽ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നെന്നും പ്രദേശത്തെ ലഹരിമാഫിയ സംഘത്തിലെ  മുഖ്യ കണ്ണികളാണ് ഇരുവരുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്‌ഐ നജീബ്, അനിൽകുമാർ, എസ്‌സിപിഒമാരായ അബ്ദുൾ ഗഫൂർ, രാം കുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
 


deshabhimani section

Related News

0 comments
Sort by

Home