ഉണർന്ന്‌ ടൂറിസം കേന്ദ്രങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 01:48 AM | 0 min read

 ഇടുക്കി > കാലാവസ്ഥാ മറ്റങ്ങൾക്കിടെ അനിശ്ചിതത്വത്തിലായിരുന്ന ഇടുക്കി ടൂറിസംമേഖല ഉണർന്നുതുടങ്ങി. കാഴ്‌ചകളേറെയുള്ള ജില്ലാ ടൂറിസം പ്രൊമോഷൻ കേന്ദ്രങ്ങളിലേക്ക്‌ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ നല്ല തിരക്കാണ്‌. പിന്നിട്ട ആദ്യആഴ്‌ച 1,00,250 ലേറെ പേർ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.

തദ്ദേശ–- വിദേശ ടൂറിസ്‌റ്റുകളും ഇതിൽപ്പെടുന്നു. കൂടുതൽപേരെത്തിയത്‌ വാഗമൺ മൊട്ടക്കുന്ന്‌, സാഹസിക പാർക്ക്‌, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലാണ്‌. കൂടാതെ രാമക്കൽമേട്ടിലും ശ്രീനാരായണപുരത്തും തിരക്കുണ്ട്‌. മാട്ടുപ്പെട്ടി, അരുവിക്കുഴി, പാഞ്ചാലിമേട്‌, ഹിൽവ്യൂപാർക്ക്‌, ആമപ്പാറ തുടങ്ങിയ ഡിടിപിസി കേന്ദ്രങ്ങളിലും ധാരാളം ടൂറിസ്‌റ്റുകൾ എത്തിതുടങ്ങി. കൂടാതെ ഇടുക്കി ഡാം, തേക്കടി എന്നിവിടങ്ങൾ കാണാനും നിരവധിയാളുകൾ വരുന്നു. ശനി, ഞായർ ദിവസങ്ങളിലാണ്‌ കുടുംബങ്ങളും സുഹൃത്തുക്കളും കൂട്ടമായെത്തുന്നത്‌.

മൂന്നാറിലേക്ക്‌ വരുന്നവർ ആദ്യം അടിമാലിക്കടുത്തുള്ള വാളറ വെള്ളച്ചാട്ടം ആസ്വദിക്കാനിറങ്ങുന്നു. പിന്നീട്‌ പള്ളിവാസൽ വഴി മൂന്നാർ മാട്ടുപ്പെട്ടി മേഖല സന്ദർശിക്കുന്നു. വിദേശീയർ തേക്കടി, പൊന്മുടി, രാമക്കൽമേട്‌ എന്നിവിടങ്ങൾ കണ്ടാണ്‌ മടങ്ങുക. നാട്ടിൻപുറത്തെ ചൂടിൽനിന്നും ആശ്വാസം തേടിയും വലിയ വിഭാഗം എത്തുന്നു. ഇടയ്‌ക്കുവരുന്ന ജാഗ്രതാനിർദേശങ്ങളും അലെർട്ടുകളും ടൂറിസത്തെ ബാധിക്കുന്നുണ്ടെങ്കിലും വേനലായതോടെ സജീവമാകുന്ന സ്ഥിതിയുണ്ട്‌. ഇത്തവണ കാലാവസ്ഥ അനുകൂലമായാൽ നല്ല ടൂറിസം സീസണാകുമെന്ന്‌ അധികൃതർ കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home