വീട്ടിൽ മദ്യം വാറ്റിയ ബിജെപി പ്രവര്‍ത്തകനും ഭാര്യയും പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2018, 09:17 PM | 0 min read

കോതമംഗലം > വീട് വ്യാജമദ്യ നിർമാണകേന്ദ്രമാക്കിയ ബിജെപി പ്രവർത്തകനായ മുൻ പൊലീസുകാരനും ഭാര്യയും അറസ്റ്റിൽ. കോതമംഗലം കറുകടം ശ്രീനിലയം വീട്ടിൽ രാമകൃഷ്‌ണന്റെ മകൻ ശ്രീകുമാർ (44), ഭാര്യ ദീപ (34) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്പെഷ്യൽ സ‌്ക്വാഡ്, കോതമംഗലം എക‌്സൈസ് സർക്കിൾ, കോതമംഗലം എക‌്സൈസ് റേഞ്ച്, കുട്ടമ്പുഴ എക‌്സൈസ് റേഞ്ച് എന്നീ ഓഫീസുകൾ സംയുക്തമായി നടത്തിയ റെയ്ഡിലാണ് കറുകടത്തുള്ള ഇവരുടെവീട്ടിൽനിന്ന് 20 ലിറ്റർ ചാരായവും 25 ലിറ്റർ വ്യാജ വിദേശമദ്യവും ചാരായം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന 70 കാലിക്കുപ്പികളും പിടിച്ചെടുത്തത‌്.

ഇതിൽ 15 ലിറ്റർ ഗോവൻ നിർമിത വിദേശമദ്യമാണ്.വനാന്തരങ്ങളിലെ വാറ്റുകേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന ചാരായത്തിൽ നിറംചേർത്ത് വ്യാജ വിദേശമദ്യം വ്യാപകമായി വിറ്റുവരികയായിരുന്നു ഇവര്‍. ഡ്രൈഡേയിലും ഹർത്താൽപോലുള്ള അവധിദിവസങ്ങളിലും ഇവിടെ വ്യാജമദ്യ വിൽപ്പന വ്യാപകമായതായി പരാതി ഉയർന്നിരുന്നു. അനധികൃത മദ്യവിൽപ്പനയും വ്യാജമദ്യ നിർമാണ യൂണിറ്റും ദിവസങ്ങൾക്കുമുമ്പ‌് എക‌്സൈസ‌് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു

മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എക‌്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോവൻ നിർമിത മദ്യം കോതമംഗലത്ത് എത്തിയതിന്റെ ഉറവിടത്തെപ്പറ്റിയും വനാന്തരത്തിലെ വ്യാജവാറ്റിനെപ്പറ്റിയും വിശദമായി അന്വേഷിക്കുമെന്നും എക‌്സൈസ‌് എറണാകുളം ഡെപ്യൂട്ടി കമീഷണർ എ എസ് രഞ്ജിത‌് പറഞ്ഞു

റെയ്ഡിൽ എറണാകുളം എക‌്സൈസ‌് സ്പെഷ്യൽ സ‌്ക്വാഡ് ഒാഫീസിലെ സിഐ ബി സുരേഷ്, ഇൻസ്പെക്ടർ എൻ പി സുധീപ്കുമാർ, കോതമംഗലം എക‌്സൈസ് ഇൻസ്പെക്ടർ ടി ഡി സജീവൻ, കുട്ടമ്പുഴ എക‌്സൈസ് ഇൻസ്പെക്ടർ സാബു ജേക്കബ‌്, അസിസ്റ്റന്റ് എക‌്സൈസ് ഇൻസ്പെക്ടർമാരായ ഷാജി വി ഐസക്, എം വി സലിം, സി കെ സൈഫുദീൻ, പ്രിവന്റീവ് ഓഫീസർമാരായ വി എ ജബ്ബാർ, പി കെ ബാലകൃഷ്ണൻ, പി കെ സുരേന്ദ്രൻ, ജയ് മാത്യൂസ്, പി വി ഹസൈനാർ, കെ എസ് ഇബ്രാഹിം, സിവിൽ എക‌്സൈസ‌് ഓഫീസർമാരായ വി എൽ ജിമ്മി, പി ഇ ഉമ്മർ, സി ജി ഷാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home