അവകാശപത്രിക : എസ‌്എഫ‌്ഐ താലൂക്ക‌് ഓഫീസ‌് മാർച്ച‌് നടത്തി

കൊച്ചി
ക്യാമ്പസുകളിൽ വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, ഉയർന്ന ഫെലോഷിപ്പിന്റെ അടിസ്ഥാനത്തിൽ ഫെലോഷിപ്പുകൾ ഏകീകരിക്കുക തുടങ്ങി മുപ്പത്താറിന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കണയന്നൂർ താലൂക്ക‌് ഓഫീസിലേക്ക‌് മാർച്ച‌് നടത്തി. എസ‌്എഫ‌്ഐ അഖിലേന്ത്യാ വൈസ‌് പ്രസിഡന്റ‌് ജെയ‌്ക‌് സി തോമസ‌് ഉദ‌്ഘാടനംചെയ‌്തു. ഇന്ത്യയെ ഹിന്ദു രാഷ‌്ട്രമാക്കാനുള്ള ആർഎസ‌്എസിന്റെ ചുവട‌്പിടിച്ച‌് രാജ്യത്തെ ഇസ്ലാമിക മത റിപ്പബ്ലിക‌് ആക്കാനാണ‌് പോപ്പുലർ ഫ്രണ്ട‌് ശ്രമിക്കുന്നതെന്ന‌് ജെയ‌്ക‌് സി തോമസ‌് പറഞ്ഞു. വർഗീയതയ‌്ക്കെതിരെ സംസാരിച്ചതിനാണ‌് അഭിമന്യുവിന‌് ജീവൻ നഷ‌്ടമായത‌്. ക്യാമ്പസുകളിൽനിന്ന‌് വർഗീയത തുടച്ചുനീക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിചേരണമെന്നും ജെയ‌്ക‌് സി തോമസ‌് പറഞ്ഞു.
ജില്ലാ പ്രസിഡന്റ‌് അമൽ ജോസ‌് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിഷ‌്ണു വേണുഗോപാൽ, ടി എസ‌് സജിത, ടി വി വൈശാഖ‌് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ‌് സ്വാഗതവും ഏരിയ സെക്രട്ടറി ആർഷോ നന്ദിയും പറഞ്ഞു. ഹൈക്കോടതി ജങ‌്ഷനിൽ നിന്നാരംഭിച്ച മാർച്ച‌് സി എസ‌് അമൽ, വൈശാഖ‌് മോഹൻ, കെ വി അഭിജിത‌്, ജി അരുൺ എന്നിവർ നേതൃത്വം നൽകി. കനത്ത മഴയെ അവഗണിച്ചും പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന‌് വിദ്യാർഥികൾ മാർച്ചിൽ അണിചേർന്നു. താലൂക്ക‌് ഓഫീസിനുമുന്നിൽ മാർച്ച‌് പൊലീസ‌് തടഞ്ഞു. തുടർന്ന‌് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.









0 comments