അട്ടപ്പാടിയെ വിറപ്പിച്ച പീലാണ്ടി ഇനി കോടനാട് ചന്ദ്രശേഖരൻ

പെരുമ്പാവൂർ
അട്ടപ്പാടിയെ വിറപ്പിച്ച പീലാണ്ടി അനുസരണയുള്ള നല്ലകുട്ടിയായി പരിശീലനം പൂർത്തിയാക്കി കോടനാട് ചന്ദ്രശേഖരൻ എന്ന പുതിയ പേരും സ്വീകരിച്ച് പുറത്തിറങ്ങി. കഴിഞ്ഞവർഷം മേയ് 30നാണ് അട്ടപ്പാടിയിൽനിന്ന‌് വനംവകുപ്പ് പീലാണ്ടിയെ പിടികൂടി കോടനാട് അഭയാരണ്യത്തിലെ ആനക്കുട്ടിലടച്ച് ചട്ടംപഠിപ്പിക്കാൻ ആരംഭിച്ചത്. ചിട്ടയായ പരിശീലനത്തിലൂടെ മുരടൻ സ്വഭാവമെല്ലാം മാറ്റി അനുസരണയുള്ള നാട്ടാനയായി പീലാണ്ടി മാറി. അട്ടപ്പാടി ആദിവാസികളുടെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമായിരുന്നു പീലാണ്ടിക്ക്. ഒമ്പതുപേരെ കൊന്ന കൊലയാളിയെന്ന് നാട്ടുകാർ ആക്ഷേപിച്ചപ്പോഴും ആദിവാസികൾ പീലാണ്ടിയെ നിരപരാധിയായാണ് കണ്ടത്. കോടനാട് ആനക്കൂട്ടിലെത്തി ആറുമാസം കഴിഞ്ഞപ്പോൾ തങ്ങളുടെ ദൈവതുല്യനായ പീലാണ്ടിയെ കാണാൻ അട്ടപ്പാടി ആദിവാസി ഊരിൽനിന്ന‌് സ‌്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കോടനാടെത്തിയത് പീലാണ്ടിയോടുള്ള ആദിവാസികളുടെ സ്നേഹത്തിന്റെ തെളിവാണ്.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സി എസ് ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. ശശീന്ദ്രദേവ്, റേഞ്ച് ഓഫീസർമാരായ അനീഷ ധനിക‌്, ധനിക‌് ലാൽ എന്നിവരാണ് പീലാണ്ടിയുടെ രക്ഷിതാക്കളായി പ്രവർത്തിച്ചത്. മികച്ച ആനപാപ്പാനായിരുന്ന മേയ്ക്കപ്പാല കോതായിൽ തങ്കപ്പന്റെ മക്കളായ രതീഷിനെ ഒന്നാം പാപ്പാനായും മുരുകേശിനെ രണ്ടാം പാപ്പാനായും നിയമിച്ചു.









0 comments